photo
കരുനാഗപ്പള്ളി ടൗണിലെ വാഹന ഗതാഗത കുരുക്ക്.

കരുനാഗപ്പള്ളി: പുതിയ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കരുനാഗപ്പള്ളി ടൗണിൽ ഗതാഗത കുരുക്ക് പതിവായി. കരോട്ട് മുക്ക് മുതൽ വടക്കോട്ട് ഹൈസ്കൂൾ ജംഗ്ഷൻ വരെയാണ് കുരുക്ക് അനുഭവപ്പെടുന്നത്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ ഇഴഞ്ഞാണ് മുന്നോട്ട് നീങ്ങുന്നത്. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ് ഫ്ലൈഓവറിന്റെ നിർമ്മാണം ഇപ്പോൾ നടക്കുന്നത്. ഇവിടെ റോഡിനെ തകര ഷീറ്റ് ഉപയോഗിച്ച് രണ്ടായി തിരിച്ചിരിക്കുകയാണ്. ഒരു സമയം ഒരു വാഹനത്തിന് സഞ്ചരിക്കാനുള്ള ഇടം മാത്രമാണ് ഇവിടെയുള്ളത്. ചരക്കുകളുമായി വരുന്ന വാഹനങ്ങളും ഇതു വഴി വേണം കടന്ന് പോകാൻ.

ഫ്ലൈ ഓവറിന്റെ നീളം 720 മീ.

24 സ്പാനുകൾ

48 പില്ലറുകൾ

കാൽനട യാത്ര പോലും ദുഷ്കരം

മഴ ശക്തമായതോടെ ഫ്ലൈഓവറിന്റെ നിർമ്മാണം ഏതാണ്ട് നിലച്ച മട്ടാണ്. പില്ലറുകളടെ നിർമ്മാണത്തിന് താമസം നേരിടുന്നതോടെ ടൗണിലെ യാത്രാ ദുരിതവും വർദ്ധിക്കും. ഇപ്പോൾ കാൽനട യാത്ര പോലും ദുഷ്കരമാണ്. ദേശീയ പാതയിലെ അപകടങ്ങളും വർദ്ധിച്ച് വരികയാണ്. ലാലാജി ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, താലൂക്ക് ഓഫീസിന് മുൻവശം എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റുകൾ ഇളക്കി മാറ്റിയതും ഗതാഗത സ്തംഭനത്തിന് കാരണമാണ്. ഇവിടങ്ങളിൽ ഹോം ഗാർഡുകളെ നിയോഗിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഒന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നില്ല.

ട്രാഫിക് അഡ്വൈസറി ബോർഡ് കൂടണം

പില്ലറുകളുടെ നിർമ്മാണം പൂർത്തിയാകുന്നതു വരെ ദേശീയപാതയിൽ വാഹന നിയന്ത്രണം അനിവാര്യമാണ്. ആലപ്പുഴ ഭാഗത്തേക്ക് ചരക്കുമായി പോകുന്ന വലിയ വാഹനങ്ങൾ ലാലാജി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിച്ചുവിട്ട് തറയിൽ മുക്ക് വഴി വടക്കോട്ട് പോയി ഹൈസ്കൂൾ ജംഗ്ഷനിൽ ചെന്ന് ദേശീയപാതയിലേക്ക് കടക്കുന്ന വിധത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ടൗണിലെ ഗതാഗത കുരുക്ക് പൂർണമായും പരിഹരിക്കാൻ കഴിയും. ട്രാഫിക് അഡ്വൈസറി ബോർഡ് കൂടി തീരുമാനം എടുത്ത് ഇതെല്ലാം പെട്ടന്ന് നടപ്പാക്കാവുന്നതേയുള്ളു. എന്നാൽ ഈ കമ്മിറ്റി കൂടാറില്ലെന്നതാണ് വാസ്തവം. ജനപ്രതിനിധികളും പൊലീസും വാഹന വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ വകുപ്പിലെ താലൂക്കുതല മേധാവികളും ഉൾക്കൊള്ളുന്നതാണ് ട്രാഫിക് അഡ്വൈസറി ബോർഡ്.