photo

അഞ്ചൽ: നേതാക്കളെ സൃഷ്ടിക്കുന്നതും സ്ഥാനമാനങ്ങൾ നൽകുന്നതും ജനങ്ങളാണെന്ന ബോധം ഭരണകർത്താക്കൾക്ക് ഉണ്ടാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറ‌ഞ്ഞു.

ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ ശാഖ നിർമ്മിച്ച ഗുരുദേവ ക്ഷേത്ര സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങൾ ശാശ്വതമല്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരായിരിക്കണം. ഏറ്റവും കൂടുതൽ കാലം യോഗം ഭാരവാഹിയായിരിക്കാൻ തനിക്ക് കഴിഞ്ഞത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ അനുഭാവപൂർവമായ സമീപനമാണ് താൻ എപ്പോഴും കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവൻ ദൈവം തന്നെയാണ്. ആത്മീയതയിലും ഭൗതികതയിലും ഊന്നിതന്നെയാണ് ഗുരുദേവൻ പ്രവർത്തിച്ചിട്ടുള്ളത്. യോഗത്തിന്റെയും ധർമ്മ സംഘത്തിന്റെയും പ്രസിഡന്റായി ദീർഘകാലം പ്രവർത്തിക്കാൻ ഗുരുദേവന് കഴിഞ്ഞത് ഇതുകൊണ്ടാണ്.

വൈക്കം സത്യഗ്രഹത്തിന് പ്രോത്സാഹനവും സഹായവും നൽകിയ ഗുരുദേവൻ ഒരു വിപ്ലവകാരികൂടിയാണ്. കുമാരനാശാനെ പ്രജാസഭയിലേക്ക് അയക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് ഗുരുദേവനാണ്. പിന്നാക്ക - ദളിത് വിഭാഗങ്ങളുടെ ശബ്ദം പ്രചാസഭയിൽ മുഴങ്ങിയത് കുമാരനാശാനിലൂടെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരുമന്ദിരങ്ങളും ഗുരുപ്രതിമകളും സ്ഥാപിക്കുകയും വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുകയും ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനമാണ് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശാഖാ പ്രസിഡന്റ് ടി.എസ്.സുരേഷ് കുമാർ അദ്ധ്യക്ഷനായി. പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർത്ഥയും സാംസ്കാകരിക നിലയം ഉദ്ഘാടനം ടി.കെ.സുന്ദരേശനും നിർവഹിച്ചു. പി.എസ്.സുപാൽ എം.എൽ.എ ഗുരുദേവ സന്ദേശം നൽകി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.സജിലാൽ, യോഗം, യൂണിയൻ ഭാരവാഹികളായ വനജ വിദ്യാധരൻ, ആർ.ഹരിദാസ്, എ.ജെ.പ്രതീപ്, ജി.ബൈജു, എസ്.സദാനന്ദൻ, റിട്ട. ഡി.എഫ്.ഒ വി.എൻ.ഗുരുദാസ് തുടങ്ങിയവർ സംസാരിച്ചു. പി.കെ.ദാമോദരൻ സ്വാഗതവും അശ്വനി അശോക് നന്ദിയും പറ‌ഞ്ഞു.