കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ വിദേശ സർവകലാശാലകളുടെ മാതൃകയിൽ ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 7. ബി.എ ഇംഗ്ലീഷ്, ബി.എസ്സി ബയോടെക്നോളജി, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.സി.എ എന്നിവയിൽ നൈപുണ്യ വികസനത്തിനും മൂല്യവർദ്ധനയ്ക്കും ഊന്നൽ നൽകുന്ന അന്തർദേശീയ നിലവാരത്തിലുള്ള കോഴ്സുകളുടെ കോമ്പിനേഷനുകളാണുള്ളത്.
വിദ്യാർത്ഥികൾക്ക് അധിക സ്കിൽ നേടാനും മികച്ച ഗവേഷണ പാത ഒരുക്കാനും ജോബ് പ്രൊഫൈൽ ഉയർത്താനും സഹായകരമായ രീതിയിലുള്ള ഇന്റേൺഷിപ്പോടുകൂടിയ പഠന സൗകര്യമാണ് ഒരുക്കുന്നത്. ഒരു വിഷയത്തിന് ചേർന്ന ശേഷം അത് യോജിച്ചതല്ലെങ്കിൽ മറ്റൊന്നിലേക്ക് മാറാൻ കഴിയും. വിഷയം ആഴത്തിൽ പഠിച്ച് ഗവേഷണത്തിന് തയ്യാറെടുക്കണമെങ്കിൽ വിദ്യാർത്ഥികളുടെ താല്പര്യത്തിനനുസരിച്ച് പഠിക്കാനുള്ള സൗകര്യവും ലഭിക്കും. നിലവിലുള്ള ബിരുദപഠനത്തിൽ ഒരു മുഖ്യ വിഷയവും (മെയിൻ) അനുബന്ധ വിഷയങ്ങളും (2 സബ്സിഡിയറികൾ) ഭാഷയും പഠിച്ചു ഡിഗ്രി എടുക്കുന്ന പരമ്പരാഗതരീതിയല്ല ഇനി, വിദ്യാർത്ഥികളുടെ അഭിരുചിയും പഠന ശേഷിയുമനുസരിച്ച് ഇഷ്ടവിഷയത്തിൽ പഠിക്കാനും രണ്ടര വർഷത്തിൽ ബിരുദവും മൂന്നര വർഷംകൊണ്ട് ഓണേഴ്സും നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
പുതിയ പാഠ്യപദ്ധതിയിൽ വിഷയങ്ങളെ മേജർ, മൈനർ എന്നാണ് വിശേഷിപ്പിക്കുന്നത്. സിംഗിൽ മേജർ, മേജർ വിത്ത് മൈനർ, മേജർ വിത്ത് മൾട്ടിപ്പിൾ ഡിസിപ്ലിൻസ്, ഇന്റർ ഡിസിപ്ലിനറി, ഡബിൾ മേജർ തുടങ്ങിയ ഓപ്ഷനുകളും ലഭിക്കും. മേജർ വിഷയത്തോടൊപ്പം പഠിക്കേണ്ട മൈനർ വിഷയങ്ങൾ വിദ്യാർത്ഥിക്ക് തന്നെ തിരഞ്ഞെടുക്കാം. നിശ്ചയിച്ചിരിക്കുന്നതിലും കുറഞ്ഞ സമയംകൊണ്ട് (2 വർഷവും 6 മാസവും) ഡിഗ്രി നേടാൻ സാധിക്കും. പഠിച്ചുകൊണ്ടിരിക്കുന്ന കോളേജിൽ നിന്ന് മറ്റൊരു കോളേജിലേക്കോ സർവകലാശാലയിലേക്കോ മാറാനുള്ള അവസരവും ലഭിക്കും. സയൻസ് വിഷയങ്ങൾക്കൊപ്പം കൊമേഴ്സോ കമ്പ്യൂട്ടറോ, ആർട്സ് വിഷയങ്ങളോ പഠിക്കാൻ സാധിക്കും എന്നതും പുതിയ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്.