അഞ്ചൽ: വിദ്യാഭ്യാസംകൊണ്ട് ഉയർച്ച കൈവരിക്കണമെന്ന ഗുരുദേവന്റെ ഉപദേശം ഉൾക്കൊണ്ട് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾക്ക് പുനലൂർ യൂണിയൻ മുൻഗണന നൽകുമെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ ശാഖയിലെ ഗുരുദേവ സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്. സുപാൽ എം.എൽ.എ ഗുരുദേവ സന്ദേശം നൽകി. കയർ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ഗുരുദേവന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സംഘടിക്കാനും അവകാശങ്ങൾക്കുവേണ്ടി പോരാടാനും ഉപദേശിച്ചത് ഗുരുദേവനാണെന്നും സുപാൽ പറഞ്ഞു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് ടി.എസ്. സുരേഷ് കുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.സജിലാൽ, എ.ജെ. പ്രതീപ്, വനജാ വിദ്യാധരൻ, ജി.ബൈജു, വി.എൻ.ഗുരുദാസ്, എസ്.സാദനന്ദൻ, എൻ.സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. മുൻ ശാഖാ പ്രസിഡന്റുമാരായ ശശിധരൻ, രാമചന്ദ്രൻ, ശ്രീനിവാസൻ, മുൻ സെക്രട്ടറിമാരായ സുകുമാരൻ, കൃഷ്ണകുമാർ, രമേശൻ, ദാമോദരൻ, ചന്ദ്രസേനൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ശാഖാ അതിർത്തിയിൽ നിന്ന് വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന വിജയം നേടിയവരെ ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു.