പത്തനാപുരം: നൂറുവർഷം പിന്നിടുന്ന കഥാപ്രസംഗ കലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി പത്തനാപുരം ഗാന്ധിഭവൻ ഇന്ന് സംസ്ഥാനതല കാഥികസംഗമം സംഘടിപ്പിക്കുന്നു. കഥാപ്രസംഗ കലയിൽ 50 വർഷം പൂർത്തിയാക്കിയ കലാകാരന്മാരെ ചടങ്ങിൽ ആദരിക്കും. രാവിലെ 10ന് മന്ത്രി ജെ.ചിഞ്ചുറാണി യോഗം ഉദ്ഘാടനം ചെയ്യും. മുതിർന്ന ഏഴ് കാഥികർ ചേർന്ന് ദീപം തെളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് അദ്ധ്യക്ഷനാകും. 'നവോത്ഥാന കലയും കഥാപ്രസംഗവും' എന്ന വിഷയം കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കും. വിഷയത്തിന്മേലുള്ള ചർച്ച കാഥിക തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്യും. കാഥികരായ പ്രൊഫ. വസന്തകുമാർ സാംബശിവൻ, പ്രൊഫ. ചിറക്കര സലിംകുമാർ, വഞ്ചിയൂർ പ്രവീൺ എന്നിവർ അടങ്ങുന്ന പ്രസീഡിയം ചർച്ച നിയന്ത്രിക്കും. സംഘാടകസമിതി ജനറൽ കൺവീനർ പ്രദീപ് ഗുരുകുലം സ്വാഗതം പറയും.

കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കാഥികൻ പ്രൊഫ. വി.ഹർഷകുമാർ അദ്ധ്യക്ഷനാകും. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ സ്വാഗതം പറയും. കാഥികൻ ഡോ. നിരണം രാജൻ, ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ. ഷാഹിദ കമാൽ എന്നിവർ സന്ദേശം നൽകും. മുത്താന സുധാകരൻ, കാഥിക കായംകുളം വിമല, കാഥികൻ പുളിമാത്ത് ശ്രീകുമാർ എന്നിവർ സംസാരിക്കും. ഗാന്ധിഭവൻ അസി. സെക്രട്ടറി ജി.ഭുവനചന്ദ്രൻ നന്ദി പറയും.