കൊല്ലം: കനത്ത മഴയി​​ൽ ഇന്നലെ കൊല്ലം നഗരത്തി​ലെ മൂന്നിടത്ത് വൻ മരങ്ങൾ കടപുഴകി​. ക്യു.എ.സി ഗ്രൗണ്ടിൽ റോഡരികിൽ നിന്ന് വൻമരം രാവിലെ 9 മണിയോടെയാണ് റോഡിലേക്ക് വീണത്. ഈ സമയം ഇവി​ടെ ആരും ഇല്ലാതി​രുന്നതും വാഹനങ്ങൾ മരത്തിന് താഴെ പാർക്ക് ചെയ്യാതിരുന്നതുമാണ് അപകടം ഒഴി​വാക്കി​യത്.

ചാമക്കടയിൽ നിന്നും കടപ്പാക്കടയിൽ നിന്നുമുള്ള ഫയർഫോഴ്‌സ് സംഘമെത്തി ഒരു മണി​ക്കൂറോളമെടുത്താണ് ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം സുഗമമാക്കിയത്. ഉച്ചയ്ക്ക് 12.50നാണ് നവദീപം പബ്ലിക്ക് സ്‌കൂളിന് സമീപത്തെ മരം കടപുഴകിയത്. 45 മിനിറ്റ് ഇവി​ടെ ഗതാഗതം തടസപ്പെട്ടു. ആളപായം ഉണ്ടായില്ല. മങ്ങാട് എരപ്പൻചാലിൽ റോഡരികിൽ നിന്ന മരം ഉച്ചയ്ക്ക് 1.45നാണ് മറി​ഞ്ഞുവീണത്. കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് മരം മുറിച്ച് മാറ്റിയത്.

റോഡരി​കി​ൽ നി​ൽക്കുന്നതും അപകടാവസ്ഥയിലുള്ളതും മുറിച്ച് മാറ്റേണ്ടതുമായ മരങ്ങളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ കോർപ്പറേഷൻ അധികൃതർ റവന്യു വി​ഭാഗത്തി​ന് കൈമാറിയിട്ടും നടപടിയെടുത്തില്ലെന്നു ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നിർദേശം നൽകിയിരുന്നു. ഇത് പാലിച്ചി​ല്ല. കഴിഞ്ഞ ജൂലായ് ആറിന് രാത്രി ജില്ലാ ജയിലിന് മുന്നിലുള്ള ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരനായ കാവനാട് സ്വദേശി മരണമടഞ്ഞി​രുന്നു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി അപകട മരങ്ങൾ മുറി​ച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.