oada
എഴുകോൺ ജംഗ്ഷന് സമീപം ദേശീയ പാതയോരത്തെ ഓടകൾ ഖര മാലിന്യങ്ങൾ മൂടി നികന്ന നിലയിൽ.

എഴുകോൺ : കടുത്ത വേനലിന് തൊട്ടു പിന്നാലെ കനത്ത മഴ എത്തിയതോടെ മഴക്കാല പൂർവ ശുചീകരണം പാളി. പൊതു ഇടങ്ങളിലെയും വീടുകളിലെയും ഉറവിട നശീകരണം അനിശ്ചിതത്വത്തിലായതോടെ പകർച്ച വ്യാധി ഭീഷണിയിലാണ് നാട്.

ആരോഗ്യ ജാഗ്രതാ കലണ്ടർ തയ്യാറാക്കി വകുപ്പ് തലത്തിൽ മുന്നൊരുക്കങ്ങൾ എടുത്തിരുന്നു. എന്നാൽ വേനൽ മഴയെത്തുന്നതും ന്യൂന മർദ്ദ സാദ്ധ്യതയും മുൻകൂട്ടി കാണാതിരുന്നതാണ് തിരിച്ചടിയായത്. 20, 21, 22 തീയതികളിലാണ് ഉറവിട നശീകരണം നിശ്ചയിച്ചിരുന്നത്. മഴ തിമിർത്ത് പെയ്തതോടെ പലയിടത്തും കാമ്പയിൻ മാറ്റേണ്ടി വന്നു. മുൻ വർഷങ്ങളിൽ ഇത് 18, 19, 20 തീയതികളിലായിരുന്നു. മേയ് ആദ്യം തോട്ടങ്ങളും നിർമ്മാണ സ്ഥലങ്ങളും മാലിന്യമുക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇത് നടന്നില്ല.

മാലിന്യം മൂടി അടഞ്ഞ ഓടകൾ

പലയിടത്തും ഓടകൾ വൃത്തിയാക്കിയിട്ടില്ല. മഴയിൽ ഖരമാലിന്യങ്ങൾ ഓടയിലേക്കിറങ്ങി ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. എഴുകോൺ ദേശീയ പാതയോരത്തെ ഓടയുടെ പലയിടത്തും മാലിന്യം അടിഞ്ഞ് നികന്നിട്ടുണ്ട്. ജംഗ്ഷന് സമീപം കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിനടുത്ത് കൂനകൂടി പാഴ് വസ്തുക്കളുണ്ട്. ഇവിടെയും ഓട നികന്നിട്ടുണ്ട്. മാറനാട് പുത്തൂർ റോഡിൽ നെടുവത്തൂർ പഞ്ചായത്തിൽ പെടുന്ന ഭാഗങ്ങളിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ നീക്കിയിട്ടില്ല.

പ്രധാനം ഉറവിട നശീകരണം

മഴക്കാല രോഗങ്ങൾ തടയുന്നതിൽ പ്രധാനം ഉറവിട നശീകരണമാണ്. പൊതു സ്ഥലങ്ങൾ എന്ന പോലെ വീട്ട് പരിസരങ്ങളിലെ കുപ്പി, ചിരട്ട,തൊണ്ട്, ടിന്നുകൾ തുടങ്ങിയവയും ചെടി ചട്ടികളും കൊതുകുകൾ പെരുകുന്ന ഉറവിടങ്ങളാണ്. കുടുംബ ശ്രീ , ആശാ പ്രവർത്തകർ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന ഗാർഹിക ഉറവിട നിർമ്മാർജനത്തിന് രോഗ പ്രതിരോധത്തിൽ വലിയ പങ്കാണ്.

ഡെങ്കി വ്യാപകമാകുന്നു

ജില്ലയിൽ അൻപതോളം പേർ ഡെങ്കി പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പോരുവഴി പഞ്ചായത്തിലാണ് കൂടുതൽ.മൈനാഗപ്പള്ളി, ശാസ്താംകോട്ട, നെടുവത്തൂർ, നെടുമ്പന , കുന്നത്തൂർ പഞ്ചായത്തുകളിലും രോഗ ലക്ഷണമുള്ളവരുണ്ട്. കരുനാഗപ്പളളി മുൻസിപ്പാലിറ്റിയിൽ എച്ച് വൺ എൻ വൺ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുണ്ട്.