കരുനാഗപ്പള്ളി: ദേശീയപാതയിലെ അപകട മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ. ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ഈ ആവശ്യവുമായി മുന്നോട്ട് വരുന്നത്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കന്നേറ്റി പാലം മുതൽ വടക്കോട്ട് ഓച്ചിറ വരെ റോഡിന്റെ വശങ്ങൾ ആഴത്തിൽ കുഴിച്ചിട്ടിരിക്കുകയാണ്. ഓടയുടെ നിർമ്മാണത്തിനായി ദേശീയപാതയുടെ വശങ്ങളിൽ അറാം കുഴികളാണ് ജെ.സി.ബി. ഉപയോഗിച്ച് എടുത്തിട്ടുള്ളത്. ഇവിടെയെല്ലാം സർവീസ് റോഡുകളുടെ നിർമ്മാണവും നടന്ന് വരുന്നു.
അപകടങ്ങളേറെയും രാത്രിയിൽ
നിലവിൽ ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് രാത്രിയിൽ കയറുന്ന പല വാഹനങ്ങളും ഓടക്ക് എടുത്തിട്ടുള്ള കുഴികളിൽ വീഴാറുണ്ട്. വാഹനങ്ങൾ കുഴിയുടെ അടുത്ത് എത്തുമ്പോഴായിരിക്കും ഡ്രൈവർ അപകട സാദ്ധ്യത മനസിലാക്കുന്നത്. അപ്പോഴേക്കും വാഹനം അപകടത്തിൽപ്പെട്ടിരിക്കും. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകളോ ട്രാഫിക് സ്റ്റിക്കർ പതിച്ച ബാറുകളോ സ്ഥാപിച്ചാൽ ഡ്രൈവർമാർക്ക് സഹായമാകും. കാൽനട യാത്രക്കാർ പോലും കാൽ വഴുതി കുഴികളിൽ പതിക്കാറുണ്ട്. രാത്രിയിലാണ് വലിയ വാഹനങ്ങളും അപകടത്തിൽ പെടുന്നത്. ദേശീയപാതയുടെ വശങ്ങളിൽ നിർമ്മിക്കുന്ന ഓടയുടെ മുകൾ ഭാഗങ്ങളിൽ കൂർത്ത കമ്പികൾ കോൺക്രീറ്റ് ചെയ്തു വെച്ചിട്ടുണ്ട്. ഇതാണ് ഏറ്റവും വലിയ അപകടകാരികൾ.
റോഡ് വെള്ളക്കെട്ടിൽ
മഴ ആരംഭിച്ചതോടെ റോഡ് പൂർണമായും വെള്ളക്കെട്ടിലാണ്. മഴവെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്തതാണ് ഇതിന് കാരണം. സർവീസ് റോഡിന്റെ വശങ്ങളിൽ പണി പൂർത്തിയായ ഓടകളിലേക്ക് വെള്ളം ഒഴുക്കി വിട്ടാൽ ദേശീയപാത വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടും. ഇത് അപകടങ്ങളുടെ തോത് കുറയ്ക്കാൻ സഹായിക്കും.
ഓടയുടെയും സർവീസ് റോഡിന്റെയും പണി പൂർത്തിയാകുന്നതുവരെ അപകടമുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.
നാട്ടുകാർ