വെള്ളക്കെട്ടിന് കാരണം ഓടയുടെ വീതികുറവ്
കൊല്ലം: മഴക്കാലമാകുന്നതോടെ പൂവൻപുഴഭാഗത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമില്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പൂവൻപുഴ ക്ഷേത്രത്തിന് മുന്നിൽ,
നാഷണൽ ഹൈവേയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന കോർപ്പറേഷൻ റോഡ് മഴപെയ്താൽ പുഴപോലെയാകും. ഈ ഭാഗത്തെ ഓടയുടെ വീതി കുറവാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിൽ പലഭാഗത്തും ടാറിളകി കുഴി രൂപട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണ്.
വീതി കുറഞ്ഞ ഓടയിൽ മാലിന്യവും മണ്ണും നിറഞ്ഞതിനാൽ വെള്ളം കവിഞ്ഞ് റോഡിലൂടെ ഒഴുകി വീടുകളിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തും. വെള്ളക്കെട്ടുകാരണം വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികൾ
250ഓളം കുടുംബങ്ങളാണ് റോഡിന് ഇരുവശവും താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വീടുകൾക്കുള്ളിൽ വരെ വെള്ളം കയറി. ഓരോ മഴക്കാലത്തും തങ്ങളുടെ ദുരിതം മുൻകൂട്ടി അധികൃതരെ അറിയിച്ചാലും തിരിഞ്ഞു നോക്കാറില്ലെന്നാണ് പരാതി.
മാനം തെളിഞ്ഞാൽ മൂന്നു മണിക്കൂറെങ്കിലും വേണം വെള്ളം ഇറങ്ങാൻ. തുടർച്ചയായി മഴ പെയ്താൽ ഇവിടുത്തുകാർക്ക് പുറത്തിറങ്ങാൻ കഴിയാറില്ല. വെള്ളം കയറുന്ന വീട്ടുകാർ സമീപത്ത് വെള്ളം കയറാത്ത വീടുകളിലേക്ക് അഭയംപ്രാപിക്കാറാണ് പതിവ്. പ്രായമായവരും കുട്ടികളുമടക്കം നിരവധിപ്പേരാണ് ദുരിതമനുഭവിക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും സാധിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. വള്ളിക്കീഴ് ,അരവിള ,മണിയത്ത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ മഴവെള്ളം കൂടി ഇവിടേക്ക് ഒലിച്ചെത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാകും. നാഷണൽ ഹൈവേ വരെ വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാകും.
പ്രഹസനമായി ഓടവൃത്തിയാക്കൽ
നാഷണൽ ഹൈവേക്ക് കുറുകെയുള്ള ഓടയും അവിടെ നിന്ന് വട്ടക്കായലിലേക്കുള്ള ഇടുങ്ങിയ ഓടയും വൃത്തിയാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് ഉയരുന്ന പരാതി. മാലിന്യവും ചെളിയും നിറഞ്ഞ് അടഞ്ഞ നിലയിലാണ് ഓട. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഒരാഴ്ച മുൻപ് കോർപ്പറേഷനിൽ നിന്ന് ഓട വൃത്തിയാക്കാൻ ആളെത്തിയെങ്കിലും മാലിന്യം നീക്കൽ പേരിനു മാത്രമായി ഒതുങ്ങി. വിഷയം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണനയായിരുന്നു ഫലം.
പൂവൻപുഴയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം. ഓടയുടെ വീതി കൂട്ടുകയും കൃത്യസമയത്ത് ഓട വൃത്തിയാക്കുകയും വേണം
- ഷാജു മോഹൻ ,പൊതുപ്രവർത്തകൻ