മടത്തറ: വ്യാപകമായ കൈയ്യേറ്റവും മാലിന്യ നിക്ഷേപവും കാരണം വിസ്‌മ‌ൃതിയിലാകുന്ന മടത്തറ തോടൊഴുകുന്ന ജനവാസ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. വേളിയങ്കാല വനത്തിൽ നിന്നുത്ഭവിച്ചു വാമനപുരം നദിയിൽ പതിക്കുന്ന തോട്ടിലേക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും കക്കൂസ് മലിനജലത്തിന്റെ പൈപ്പുകൾ തുറന്നു വച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ ചില സ്ഥാപനങ്ങൾക്കും വീട്ടുടമകൾക്കുമെതിരെ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം പിഴ ചുമത്തിയെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. മലിനീകരണത്തിന് പുറമെ വ്യാപകമായ കൈയ്യേറ്റവും തോടിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു.

വീതി കുറഞ്ഞ് തോട്

മടത്തറ ഒഴുകുപാറ പ്രദേശത്താണ് വലിയ തോതിലുള്ള കൈയ്യേറ്റമുള്ളത്. തോടുൾപ്പെടുന്ന ഭാഗം ചേർത്ത് മണ്ണിട്ട ശേഷം പുരയിടത്തോടു ചേർത്തു കോൺക്രീറ്റ് ചെയ്‌തിരിക്കുകയാണ് ചില വ്യക്തികൾ.തോടും പുറമ്പോക്കുമുൾപ്പടെ 6 മീറ്റർ വരെ വീതിയുണ്ടായിരുന്ന ചില പ്രദേശങ്ങളുടെ വിസ്‌തൃതി ഇപ്പോൾ 2 മീറ്ററിലൊതുങ്ങി. വീതി കുറഞ്ഞതോടെ കുത്തിയൊഴുകി വരുന്ന വെള്ളം കരകവിഞ്ഞ് മറ്റു സ്ഥലങ്ങളിൽ വെള്ളം ഉയരാൻ കാരണമായി.

മഴക്കാലമായതോടെ മാലിന്യക്കൂമ്പാരത്തിൽപ്പെട്ട് തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നു. കൈയ്യേറ്റം മൂലം തോട് ചുരുങ്ങി പലയിടത്തും കരകവിയുന്നു.

എൻ. പ്രഹളാദൻ

ഐ.എൻ.ടി .യു.സി ചടയമംഗലം റീജിയണൽ കമ്മിറ്റി സെക്രട്ടറി,

കെ.എസ്.എസ്.പി.എ ചിതറ മണ്ഡലം പ്രസിഡന്റ്

ചിലയിടങ്ങളിൽ തോട് 25 മീറ്ററോളം നീളത്തിൽ കോൺക്രീറ്റ് ചെയ്‌ത ശേഷം മണ്ണിട്ടു മൂടിയിരിക്കുകയാണ്. അധികൃതർ നടപടി സ്വീകരിക്കാത്തത് ദുരൂഹമാണ്.

എസ്. ഭൂപേഷ്

മടത്തറ ഏജന്റ്

തോടിന്റെ വിസ്‌‌തൃതി പകുതിയോളം കുറഞ്ഞു. നികത്തി വിശദമായ നിർമ്മാണ പ്രവർത്തനം നടത്താൻ കൈയ്യേറ്റക്കാർക്ക് അവസരം ലഭിക്കുന്നത് അധികൃതരുടെ മൗനാനുവാദത്തെ തുടർന്നാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും വാഹനങ്ങളിൽ കൊണ്ടു വന്നു മാലിന്യം വലിച്ചെറിയുന്നു. പ്രജിത്ത് തുമ്പമൺതൊടി പൊതുപ്രവർത്തകൻ