swara

കണ്ണനല്ലൂർ: സ്വരലയ നൃത്ത സംഗീത വിദ്യാലയത്തിന്റെ 15-ാം വാർഷികാഘോഷം 'ആരവം 2024'ന്റെ ലോഗോ പ്രകാശനം കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ നിർവഹിച്ചു. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സ്വരലയ സാംസ്കാരിക സമിതി പ്രസിഡന്റ് ബിനു ഭുവനേന്ദ്രൻ അദ്ധ്യക്ഷനായി. സാംസ്കാരിക സമിതി സെക്രട്ടറി ആർ.സതീഷ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ എക്സിക്യൂട്ടീവ് കൺവീനർ സുരേഷ് കുമാർ, ജോയിന്റ് കൺവീനർ എസ്.എൽ.ഐശ്വര്യ, ലോഗോ ഡിസൈൻ ചെയ്ത എസ്. അലോക് തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപക സമിതി ജനറൽ കൺവീനർ രാജീവ് രമേശ് നന്ദി പറഞ്ഞു.സ്വരലയ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, രക്ഷകർത്താക്കൾ, സ്വരലയ കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

25ന് നടക്കുന്ന വാർഷിക ആഘോഷങ്ങൾ മുഖത്തല എൻ.ചെല്ലപ്പൻ മെമ്മോറിയൽ ട്രസ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് 1 മുതൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്നുകൾ അരങ്ങേറും. ചെണ്ട, ഡ്രംസ്, വയലിൻ, ഗിത്താർ, കീബോർഡ്, കളരി, യോഗ,സംഗീതം വിഭാഗങ്ങളുടെ കലാ പ്രകടനങ്ങൾ നടക്കും. 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സംഗീതജ്ഞയും പിന്നണി ഗായികയുമായ ലതിക ടീച്ചർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ദ്വാരക വി.ആർ.നമ്പൂതിരി ഭദ്ര ദീപം കൊളുത്തും. വിവിധ വിഷയങ്ങളിൽ വൈദഗ്ദ്ധ്യം തെളിയിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആദരിക്കും. 7.30 മുതൽ നൃത്ത സന്ധ്യ.