കൊല്ലം: വൃദ്ധനും സ്ത്രീയും കുട്ടിയും ഉൾപ്പെടെ ഏഴുപേരെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിലായി. വടക്കേവിള അക്കരവിള വയലിൽ ഫാത്തിമ മൻസിലിൽ നിദിൻഷാ (27), ഗോപാലശ്ശേരി ജിവി നഗർ 176ൽ ദുർഗാ നിവാസിൽ ആദർശ് (29), വടക്കേവിള ശ്രീനഗർ 215ൽ സരസിൽ അഭിരാം (27), ഗോപാലശ്ശേരി ജിവി നഗർ 163ൽ ശരൺ (26) ഗോപാലശ്ശേരി കെ.എസ് മന്ദിരത്തിൽ ശരത് (29) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഞായർ രാത്രി 11ന് പള്ളിമുക്ക് കലുങ്കിൻ ജംഗ്ഷനിലായിരുന്നു സംഭവം. കലുങ്കിൻ ജംഗ്ഷനിൽ നിൽക്കുകയായിരുന്ന തസ്കിൻ, വാസിം എന്നിവരെയാണ് ആദ്യം സംഘം ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണം. ബഹളം കേട്ട് പിടിച്ചുമാറ്റാൻ എത്തിയ വൃദ്ധനടക്കമുള്ളവരെ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്ത് കിടന്ന കട്ട ഉൾപ്പെടെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇരവിപുരം ഇൻസ്പെക്ടർ വി.ഷിബു, എസ്.ഐ അജേഷ്, സി.പി.ഒ അനീഷ്, സുമേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ ആദർശ്, അഭിരാം, ശരത് എന്നിവർക്കെതിരെ നേരത്തേയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.