പുനലൂർ: പുനലൂർ മുതൽ കോട്ടവാസൽ വരെയെുള്ള ഭാഗങ്ങളിൽ ദേശീയപാതയിലേക്ക് ചാഞ്ഞ് നിൽക്കുന്ന കൂറ്റൻ മരങ്ങൾ അപകട ഭീഷണിയുയർത്തുന്നു. വളർന്ന് പന്തലിച്ച് നിൽക്കുന്ന വൻ മരങ്ങൾ മുറിച്ച് നീക്കണമെന്ന് നിരന്തരം ആവശ്യം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം കുറച്ച് മരങ്ങൾ മുറിച്ച് നീക്കിയെങ്കിലും ശേഷിക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല.കാലവർഷം ആരംഭിക്കുമ്പോൾ രൂപപ്പെടുന്ന ശക്തമായ കാറ്റിൽ പാതയോരത്ത് നിൽക്കുന്ന മരങ്ങൾ കടപുഴകി വീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
നൂറുവർഷത്തിലധികം പഴക്കം
ദേശീയ പാത വിഭാഗം അധികൃതരുടെ അനുമതിയോടെ വനം വകുപ്പിന്റെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ച് മാറ്റേണ്ടത്.നൂറ് വർഷം പുറത്ത് പഴക്കമുള്ള മരങ്ങളാണ് പാതയോരത്ത് അപകട ഭീഷണിയാകുന്നത്. വാളക്കോട്, പ്ലാച്ചേരി, ക്ഷേത്രഗിരി, തണ്ണിവളവ്, വെള്ളിമല,ഇടമൺ സത്രം, ഇടമൺ ഗവ.എൽ.പി.എസ് ജംഗ്ഷൻ, ഇടമൺ 34, അണ്ടൂർപച്ച, ഉറുകുന്ന്, ഒറ്റക്കൽ പാറക്കടവ്, തെന്മല,തെന്മല എം.എസ്.എൽ, കഴുതുരുട്ടി,ഇടപ്പാളയം, മുരുകൻ പാഞ്ചാലി, ആര്യങ്കാവ് ,കോട്ടവാസൽ തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് മരങ്ങൾ നിൽക്കുന്നത്.
കടപുഴകി വീഴാൻ സാദ്ധ്യത
ദേശീയ പാതയോട് ചേർന്ന് വനം, റെയിൽവേ ഭൂമികളിൽ നിൽക്കുന്ന വൻ മരങ്ങളും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട് അതിർത്തി വഴി കേരളത്തിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് വരുന്ന അന്തർ സംസ്ഥാന പാതയോരത്താണ് കാലപ്പഴക്കം ചെന്ന കൂറ്റൻ മരങ്ങൾ നിൽക്കുന്നത്.കാലപ്പഴക്കത്തെ തുടർന്ന് ചുവടുകൾ ജീർണ്ണിച്ച മരങ്ങൾ ദേശീയ പാതയിലേക്ക് കടപുഴകി വീഴാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.
കാലവർഷം കണക്കിലെടുത്ത് പുനലൂർ നഗരസഭയുടെ പരിധിയിൽ വരുന്ന ദേശീയ പാതയോരങ്ങളിലെയും പൊതുമരാമത്ത് വകുപ്പിന്റെയും റോഡ് സൈഡുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മര ശിഖിരങ്ങളും മുറിച്ച് നീക്കാൻ തീരുമാനിച്ചു.
ദുരന്ത നിവാരണ അതോറിട്ടി