ചവറ: ദേശീയപാതയിൽ നിർമ്മാണം തകൃതിയായി നടക്കുമ്പോഴും യാത്രക്കാർക്ക് ഉപകരിക്കുന്ന അപകട സിഗ്നലുകൾ സ്ഥാപിച്ചിട്ടില്ല. നീണ്ടകര മുതൽ ചവറ പാലം വരെയുള്ള ഭാഗങ്ങളിൽ വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും രാത്രികാലങ്ങളിൽ റോഡോ കുഴിയോ തിരിച്ചറിയാനാകാത്ത അവസ്ഥയുമാണ്. ചീലാന്തി മൂട്ടിൽകഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടിരുന്നു. മഴപെയ്തതിനെ തുടർന്ന് മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാരും അപകടത്തിലായിരിക്കുകയാണ്.
വെള്ളക്കെട്ടായി റോഡുകൾ
ചീലാന്തി മുക്കിന് സമീപം കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ റോഡിന്റെ മദ്ധ്യ ഭാഗത്ത് കെട്ടിക്കിടന്ന വെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് തുടർന്ന് അധികൃതർ എത്തി ഗതാഗതം മറ്റൊരു ഭാഗത്തുകൂടി തുറന്നു കൊടുത്തു. പ്രതിഷേധത്തെ തുടർന്ന് റോഡിൽ കെട്ടിക്കിടന്ന വെള്ളം ജെ.സി.ബി ഉപയോഗിച്ച് ചാലുവെട്ടി സമീപത്തെ പറമ്പിലേക്ക് ഒഴുക്കിവിട്ടു. പുത്തൻതുറയിലും റോഡിനോട് ചേർന്ന് വെള്ളം കെട്ടിക്കിടക്കുകയാണ്.
പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി
തെക്കുംഭാഗം, തേവലക്കര, ശാസ്താംകോട്ട ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്നയിടത്തും മതിയായ സിഗ്നലുകളില്ല. നീണ്ടകര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പൈപ്പ് ലൈനുകൾ ജെ.സി.ബി തട്ടി തകർന്നതിനാൽ കുടിവെള്ള ക്ഷാമവും നേരിടുകയാണ്. പൊട്ടിയ പൈപ്പ് ലൈനുകളിൽ എൻഡ് ക്യാപ് ഇട്ട് മൂടിയതിനാൽ ദിവസങ്ങളായി കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടായി. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ എത്തിയാണ് കുടിവെള്ള പ്രശ്ന പരിഹാരമുണ്ടാക്കിയത്.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നീണ്ടകര പഞ്ചായത്തിലെ ജനങ്ങളും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് വേണ്ട പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് റോഡ് നിർമ്മാണ കമ്പനിക്ക് പഞ്ചായത്ത് ഭരണസമിതി പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി പ്രക്ഷോഭത്തിലേക്ക് പോകും
പഞ്ചായത്ത് പ്രസിഡന്റ്
പി.ആർ .രജിത്ത്