കൊല്ലം: വീട്ടമ്മയെ ബലമായി കാറിൽ കയറ്റി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഇരവിപുരം പന്ത്രണ്ടുമുറി നഗർ 84ൽ എഫ്.ആർ.ജെ മൻസിലിൽ ഫിറോസിനെയാണ്(39) കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതി വെറുതേ വിട്ടത്.

2012 മേയ് 31നും ജൂൺ 4നുമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുള്ളതിന്റെ ഫോട്ടോകൾ കാണിക്കാനെന്ന വ്യാജേന പ്രതി വീട്ടമ്മയെ വിളിച്ചു വരുത്തുകയും കാറിലേക്ക് വലിച്ചിടുകയും പ്രതിയിൽ നിന്നുള്ള അടിയേറ്റ് ബോധം നഷ്ടപ്പെട്ട വീട്ടമ്മയെ കാറിൽ വച്ച് ബലാത്സംഗം ചെയ്തെന്നുമാണ് പ്രോസിക്യൂഷൻ കേസ്. പിന്നീട് പലരോടുമൊപ്പം പോകണമെന്നാവശ്യപ്പെട്ടപ്പോൾ ഭർത്താവിനോട് പറയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. തന്റെ നഗ്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റൊരു ദിവസവും പ്രതി പീഡിപ്പിച്ചെന്നും വീട്ടമ്മ കോടതിയിൽ മൊഴി നൽകി.

കൃത്യത്തിനു ശേഷം ഗൾഫിലേക്ക് കടന്ന പ്രതിയ്ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം മുംബൈ വിമാനത്താവളത്തിലെത്തിയ പ്രതിയെ മുംബൈ പൊലീസ് കേരള പൊലീസിന് കൈമാറുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വീട്ടമ്മയും ഭർത്താവുമുൾപ്പടെ ഇരുപതു സാക്ഷികളെ വിസ്തരിച്ചു. ഇരുപത്തൊന്നു രേഖകൾ ഹാജരാക്കി. പ്രതിക്കെതിരേയുള്ള ആരോപണം വസ്തുതാവിരുദ്ധമാണെന്നും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതിയ്ക്കു വേണ്ടി അഭിഭാഷകരായ കല്ലൂർ കൈലാസ് നാഥ്, ആർ.എസ്.പ്രശാന്ത് എന്നിവർ ഹാജരായി.