olvin
ഓൾവിൻ

പന്മന: മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കടലിൽ കാണാതായി. നീണ്ടകര ഹാർബറിൽ നിന്ന് ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ നീണ്ടകര സ്വദേശി ഫ്രാൻസിസിന്റെ സെന്റ് ജോൺ ബോട്ടിലെ തൊഴിലാളി നീണ്ടകര സൂര്യമംഗലം വീട്ടിൽ ഓൾവിനെയാണ് (44, സെബാസ്റ്റ്യൻ റീഗൻ) കാണാതായത്.

നീണ്ടകരയിൽ നിന്ന് 16 മാർ അകലെ രാവിലെ 10നായിരുന്നു അപകടം. വല വലിക്കുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ട ബോട്ട് ആടിയുലഞ്ഞതിനെ തുടർന്ന് ഓൾവിൻ കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ കടലിൽ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.

ഓൾവിനെ കൂടാതെ ബോട്ടിൽ ആറ് തൊഴിലാളികൾ ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, സമീപം ഉണ്ടായിരുന്ന മറ്റു ബോട്ടുകളിലെ തൊഴിലാളികൾ എന്നിവർ ചേർന്ന് ഇരുട്ടുംവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡ്, നേവി എന്നിവരുടെ സഹായം തേടിയിട്ടുണ്ട്. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിക്കുമെന്ന് കോസ്റ്റൽ സി.ഐ രാജീവ് കുമാർ അറിയിച്ചു.