 വൈദ്യുതീകരണ ജോലികൾ പാതിവഴിയിലുപേക്ഷിച്ച് കരാറുകാരൻ

കൊല്ലം: സ്കൂൾ തുറക്കാൻ ഒരാഴ്‌ച്ച മാത്രം ബാക്കി നിൽക്കെ കൊല്ലം ഗവ.മോഡൽ ബോയ്‌സ് ഹൈസ്‌കൂളിലെ പൈതൃക കെട്ടിടത്തിലെ വൈദ്യുതീകരണ ജോലികൾ പ്രതിസന്ധിയിൽ. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പ്രവർത്തനക്ഷമമല്ലെന്ന് സ്ഥിതീകരിച്ചതോടെയാണ് കെട്ടിടത്തിലെ റീ വയറിംഗ് ഉൾപ്പടെയുള്ള ജോലികൾ ആരംഭിച്ചത്. എന്നാൽ ജോലിയേറ്റെടുത്ത കരാറുകാരൻ പാതിവഴിയിൽ നിറുത്തിപ്പോയതോടെയാണ്

ജോലികൾ പ്രതിസന്ധിയിലായത്.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ക്ലാസ് നടക്കുമ്പോൾ ലൈനിൽ തീപ്പൊരി കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടം സുരക്ഷിതമല്ലെന്ന് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് അധിക‌ൃതർ റിപ്പോർട്ട് സമർപ്പിച്ചത്. പൈതൃക കെട്ടിടമായതിനാൽ കാലപ്പഴക്കം ചെന്ന വയറിംഗ് മുഴുവൻ മാറ്റാനായിരുന്നു കോർപ്പറേഷൻ പ്രവൃത്തി ടെണ്ടർ ചെയ്‌തത്. വേനലവധിയുടെ ആരംഭത്തിൽ തുടങ്ങിയ പണി മേയ് അവസാനത്തോടെ തീരുമെന്നായിരുന്നു പ്രതീക്ഷ.

ഫിറ്റസ് ലഭിച്ചാൽ മാത്രം ക്ളാസ്

ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധിച്ച് ഫിറ്റനസ് നൽകിയാൽ മാത്രമെ ക്ലാസ് ആരംഭിക്കാൻ കഴിയു. പഴയ പൈപ്പും വയറുകളും ഇളക്കി മാറ്റിയതൊഴിച്ചാൽ ജോലിയിൽ കാര്യമായ പുരോഗതി

ഉണ്ടായില്ല. പുതിയ പൈപ്പ് സ്ഥാപിച്ച് വയറിംഗ് തുടങ്ങുന്നതിനെപ്പറ്റി സ്‌കൂൾ അധികൃതരും അദ്ധ്യാപക രക്ഷകർതൃ സമിതിയും കരാറുകാരനുമായി ആശയവിനമയം നടത്തിയപ്പോൾ പുതിയ ഇലക്‌ട്രിക്കൽ സാമഗ്രികൾ വാങ്ങാൻ തന്റെ പക്കൽ പണമില്ലെന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചത്.

മൂല്യനിർണയ ക്യാമ്പ് മാറ്റി

വൈദ്യുതി ഇല്ലാത്തതിനാൽ ഗവ.മോഡൽ ഹൈസ്‌കൂളിൽ സ്ഥിരമായി നടത്താറുള്ള മൂല്ല്യ നിർണയ ക്യാമ്പ് ഈ വർഷം വിമല ഹൃദയ സ്കൂളിലേക്ക് മാറ്റിയിരുന്നു. ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഓഫീസ് പ്രവർത്തനവും ഭാഗികമായാണ് നടക്കുന്നത്. പല സർട്ടിഫിക്കറ്റുകളും നൽകേണ്ട അധികൃതർ പലപ്പോഴും ദൂരെയുള്ള മൂല്ല്യനിർണയ ക്യാമ്പിലായിരുന്നു. ഹയർ സെക്കൻഡറി ബ്ളോക്കിൽ വൈദ്യുതി ഉണ്ടെങ്കിലും അവിടുത്തെ തിരക്കുകൾക്കിടയിലാണ് ഹൈസ്‌കൂൾ വിഭാഗം ഓഫീസ് ഭാഗികമായി പ്രവർത്തിക്കുന്നത്.

കോ‌ർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗം ജോലികൾ വിലയിരുത്തുന്നുണ്ട്. മെയ് 31 ന് പണി പൂർത്തിയാക്കി കൈമാറുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇലക്‌‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് നൽകുന്ന ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിൽ ജൂൺ 3ന് സുഗമമായി അദ്ധ്യയന വ‌‌‌ർഷം ആരംഭിക്കും

എസ്.സവിതാ ദേവി

വിദ്യാഭ്യാസ - കായിക സ്ഥിരം സമിതി അദ്ധ്യക്ഷ

കൊല്ലം കോർപ്പറേഷൻ.

കൂടുതൽ കുട്ടികൾ സർക്കാർ സ്‌കൂളുകളിലേക്ക് ആകർഷിക്കപ്പെടുമ്പോഴാണ് അധികൃതരുടെ ഈ അനാസ്ഥ. പൈതൃക കെട്ടിടം നാളിതു വരെ റീ വയറിംഗ് ചെയ്യാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്.

കാവനാട് രാജീവ്

അദ്ധ്യാപക -രക്ഷകർതൃ സമിതി പ്രസിഡന്റ്.