കൊല്ലം: മഴ കനത്തതോടെ കൊല്ലം നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും വെള്ളത്തിലായി. ഓടകൾ അടഞ്ഞു കിടക്കുന്നതാണ് പ്രധാന കാരണം. പള്ളിത്തോട്ടം, കർബല- റെയിൽവേ സ്‌റ്റേഷൻ റോഡ്, ശാരദാ മഠത്തിലേക്കുള്ള റോഡ്, ഫാത്തിമ കോളേജ് റോഡ്, ശാന്തി നഗർ റോഡ്, ആശ്രാമം മൈതാനത്തിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, എ.ആർ ക്യാമ്പിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, ഡി.സി.സി ഓഫീസിന് മുന്നിലെ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്.
ഒരോ ഡിവിഷനിലും 30,000 രൂപ വീതം മുടക്കി ഓടകളും തോടുകളും വൃത്തിയാക്കിയെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ മഴക്കാല പൂർവ്വ ശുചീകരണം പാടെ പാളി എന്നതിന്റെ തെളിവാണ് വെള്ളക്കെട്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പലേടത്തും ഓടകളിലേക്ക് ശുചീകരണ തൊഴിലാളികൾ തിരിഞ്ഞു നോക്കിയിട്ടില്ല. ആശ്രാമം മൈതാനത്തിനു സമീപം ശാന്തിനഗറിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നഗറിലെ മിക്ക വീടുകളിലും ഒന്നരയടിയോളം പൊക്കത്തിൽ മലിനജലം കയറി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ഓടകളിൽ നിറഞ്ഞു നിൽക്കുന്നത്.
വടക്കേവിളയിൽ നിന്നാരംഭിച്ച് പട്ടത്താനം, കടപ്പാക്കട, പുള്ളിക്കട, ശാന്തിനഗർ എന്നിവിടങ്ങളിലൂടെ അഷ്ടമുടി കയലിൽ പതിക്കുന്ന മണിച്ചിത്തോട്ടിൽ (ശാന്തിനഗർ ഭാഗത്ത് മണ്ണാൻ തോടെന്ന് വിളിപ്പേര്) രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യമടക്കം തള്ളുന്നത് പതിവാണ്. മാലിന്യം എത്രയും വേഗം നീക്കി ഒഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂവൻപുഴ ക്ഷേത്രത്തിന് മുന്നിൽ, ദേശീയപാതയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന കോർപ്പറേഷൻ റോഡരികിലെ ഓട നിറഞ്ഞുകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. കൊല്ലം തോട്ടിലും കിളികൊല്ലൂർ തോട്ടിലും മാലിന്യം നിറയുകയാണ്. വാടി, തങ്കശ്ശേരി എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുന്നുകൂടി കിടക്കുന്നത്. മാലിന്യവും വെള്ളക്കെട്ടും കാരണം പകർച്ചവ്യാധി ഭീഷണിയിലാണ് നഗരം.
ഓടകളും തോടുകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡിേിഷനുകളിൽ മുപ്പതിനായിരം രൂപ വീതം മുടക്കിയാണ് മഴക്കാല പൂർവ്വ ശുചീകരണം നടക്കുന്നത്. വഴിയരികിലും തോടുകളിലും മാലിന്യം ഇടാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കണം
കൊല്ലം മധു,ഡെപ്യൂട്ടി മേയർ
......................................
മഴക്കാല പൂർവ ശുചീകരണത്തിന് ശുചിത്വ മിഷന്റെ 20,000 രൂപയും കോർപ്പറേഷന്റെ തനതു ഫണ്ടിൽ നിന്നുള്ള 10,000 രൂപയുമാണ് നൽകിയത്. ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നുള്ള 10,000 രൂപ ഇനിയും കിട്ടിയിട്ടില്ല. ഓട വൃത്തിയാക്കാൻ പുതിയ എക്സവേറ്റർ വാങ്ങി. നിലവിലുള്ള 210 ശുചീകരണ തൊഴിലാളികൾക്കു പുറമേ 110 പേരെ കൂടുതലായി എടുത്തു. വീടുകൾ കേന്ദ്രീകരിച്ച് കൊതുകു നശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്
പ്രസന്ന ഏണസ്റ്റ്,
കൊല്ലം മേയർ