bus
സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കുമായി കൊട്ടാരക്കര സബ് ആർ.ടി ഓഫീസിന്റെ നേതൃത്വത്തിൽ മൈലം എം.ജി.എം സ്കൂളിൽ നടത്തിയ പരിശീലനത്തിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ.കരൻ ക്ളാസെടുക്കുന്നു

കൊട്ടാരക്കര: അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കൊട്ടാരക്കര ആർ.ടി.ഒ പരിധിയിലെ സ്കൂൾ വാഹന ഡ്രൈവർമാർക്കും ആയമാർക്കും സ്കൂൾ വാഹന ചുമതലയുള്ള ജീവനക്കാർക്കും പരിശീലനം നൽകി.

കൊട്ടാരക്കര സബ് ആർ.ടി ഓഫീസിന്റെ നേതൃത്വത്തിൽ മൈലം എം.ജി.എം സ്കൂളിൽ നടന്ന പരിപാടിയിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ.കരൻ ക്ലാസെടുത്തു. സ്കൂൾ വാഹനങ്ങളിൽ ഉണ്ടായിരിക്കേണ്ട സ്പീഡ് ഗവേർണർ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം, ഫയർ എക്സ്റ്റിൻഗ്യുഷർ, എമർജൻസി എക്സിറ്റ്, ഫസ്റ്റ് എയ്ഡ്, ഡോർ, മറ്റ് ഉപകരണങ്ങൾ, വാഹനത്തിൽ പ്രദർശിപ്പിക്കേണ്ട കാര്യങ്ങൾ, ഡ്രൈവറുടെ യോഗ്യതകൾ, യൂണിഫോം, ആയയുടെ കടമകൾ തുടങ്ങിയവ വിശദീകരിച്ചു.

കൂടാതെ ഫയർ എക്സ്റ്റിൻഗ്യുഷർ പ്രവർത്തിക്കുന്നതിന്റെ പ്രായോഗിക പരിശീലനവും നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സിയാദ്, സ്കൂൾ പ്രിൻസിപ്പൽ പ്രിയ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മനോജ്, രാംജിത്ത്, ബിജു, എൻഫോഴ്സ്മെന്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സിജു, ബിമൽ എന്നിവർ സംസാരിച്ചു. 29ന് കിഴക്കേത്തെരുവിൽ സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധനയും നടക്കും. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിക്കുമെന്ന് ജോ. ആർ.ടി.ഒ ദിലീപ് പറഞ്ഞു.