കൊല്ലം: ദേശീയപാത വികസനം വന്നതോടെ അപ്രത്യക്ഷമായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പാർക്കിംഗ് സൗകര്യം. റോഡ് വികസനം പൂർത്തിയാകുമ്പോൾ, കല്ലുവാതുക്കൽ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ഓഫീസിന്റെ പാർക്കിംഗ് ഏരിയയിൽ രണ്ടോ മൂന്നോ ബൈക്കുകൾ മാത്രം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം മാത്രമാണ് ലഭിക്കുക.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്ന ജനങ്ങളുടെയും ഉൾപ്പെടെ നൂറോളം വാഹനങ്ങളാണ് ഓഫീസിൽ പ്രതിദിനം വന്നു പോകുന്നത്. പാർക്കിംഗ് പ്രതിസന്ധിക്ക് പരിഹാരമായി പഞ്ചായത്ത് കെട്ടിടം ഉചിതമായ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ മറ്റൊരു കെട്ടിടത്തിലേക്ക് മാറുകയോ പഞ്ചായത്തിന്റെ കീഴിൽ തന്നെയുള്ള മറ്റേതെങ്കിലും പ്രദേശത്ത് പുതിയ കെട്ടിടം നിർമ്മിച്ച് അവിടേക്ക് മാറുകയോ ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം.
കല്ലുവാതുക്കൽ ജംഗ്ഷന് സമീപം നാഷണൽ ഹൈവേയോട് ചേർന്ന് പഞ്ചായത്ത് 99 വർഷത്തേക്ക് ലീസിന് എടുത്തിരിക്കുന്ന 10 ഏക്കറോളം വരുന്ന റവന്യൂ ഭൂമിയിൽ സർക്കാർ മുൻകൈയെടുത്ത് പുതിയ ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്ലുവാതുക്കൽ റോഡുവിള വീട്ടിൽ എം.റുവൽ സിംഗ് മന്ത്രി എം.ബി.രാജേഷിനും കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി.