കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ വിനോദസഞ്ചാര സർവീസായ ബഡ്ജറ്റ് ടൂറിസം വേനലവധിക്കാലത്ത് നേടിയത് റെക്കാർഡ് വരുമാനം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ 44 യാത്രകളിൽ നിന്ന് 22ലക്ഷം രൂപയാണ് കൊല്ലം ഡിപ്പോയുടെ നേതൃത്വത്തിൽ നേടിയത്. ആയിരത്തിലധികം പേർ യാത്രനടത്തി.

മാർച്ചിൽ രാമക്കൽമേട്, റോസ്മല, വാഗമൺ, മൂന്നാർ, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഏപ്രിലിൽ നെഫർടിറ്റി കപ്പൽ യാത്ര, വാഗമൺ, രാമക്കൽമേട്, കുംഭാവുരുട്ടി, മലക്കപ്പാറ, ഇല്ലിക്കൽകല്ല്, വയനാട്, പാണ്ഡവൻപാറ, പൊൻമുടി എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകൾ നടത്തിയത്. കോളേജ് പൂർവ വിദ്യാർഥികൾ, കുടുംബശ്രീ, സീനിയർ സിറ്റിസൺ കൂട്ടായ്മകൾ, റെസി. അസോസിയേഷനുകൾ തുടങ്ങിയവർ ട്രിപ്പുകളിൽ പങ്കാളികളായി.

ഏറ്റവും കൂടുതൽ ആളുകൾ കൊച്ചിയിലെ നെഫർടിറ്റി യാത്രയ്ക്കായിരുന്നു. നാല് യാത്രകളാണ് നെഫർടിറ്റി കപ്പലിലേക്ക് നടത്തിയത്.

ഗവി അടച്ചത് തിരിച്ചടി

കനത്ത ചൂടും മോശം കാലാവസ്ഥയും മൂലം മാർച്ച് 11 മുതൽ ഏപ്രിൽ 27 വരെ ഗവി അടച്ചിട്ടത് സന്ദർശകരെയും കെ.എസ്.ആർ.ടി.സിയെയും ഒരുപോലെ ബാധിച്ചു. ഗവിയിലേക്കുള്ള സർവീസുകൾ നടന്നിരുന്നെങ്കിൽ വരുമാനം 30 ലക്ഷത്തിന് മുകളിലെത്തിയേനെ.

ബഡ്‌ജറ്റ് ടൂറിസം യാത്ര

ആരംഭിച്ചത് 2021ൽ

യാത്രകൾ - 44

വരുമാനം ₹ 22 ലക്ഷം