കൊല്ലം: ഇ.പി.എഫ് ഉയർന്ന പെൻഷൻ അർഹതയുള്ളവർക്ക് അനുവദിച്ച പെൻഷൻ കുടിശ്ശികയ്ക്ക് വരുമാന നികുതിയിൽ ഇളവ് നൽകണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനോടും തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിനോടും ആവശ്യപ്പെട്ടു.

ഉയർന്ന പെൻഷൻ കുടിശ്ശിക ലഭിച്ചവരിൽ നിന്ന് മുഴുവൻ കുടിശ്ശികയുടെ അടിസ്ഥാനത്തിൽ വരുമാന നികുതി ചുമത്തുന്നത് നിയമവിരുദ്ധമാണ്. ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് അർഹതയുള്ള പെൻഷൻകാർ നാളിതുവരെയുള്ള പെൻഷൻ വിഹിതം പലിശ സഹിതം ഇ.പി.എഫ്.ഒയ്ക്ക് അടച്ചാൽ മാത്രമേ ഉയർന്ന പെൻഷൻ അനുവദിക്കുള്ളു. കുടിശ്ശികയായി നൽകുന്ന തുകയിൽ നല്ലൊരു പങ്കും പെൻഷൻകാർ ഇ.പി.എഫ്.ഒയ്ക്ക് അടയ്ക്കുന്ന വിഹിതവും പലിശയുമാണ്.

പെൻഷനായി വർഷങ്ങൾ പിന്നിട്ടശേഷം നാളിതുവരെയുള്ള വിഹിതവും പലിശയും ചേർത്ത് അടയ്ക്കുന്ന തുക കുറവുചെയ്യാതെ ആ തുകയ്ക്കും കൂടി വരുമാന നികുതി ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവില്ല. അതാത് വർഷങ്ങളിൽ പെൻഷൻ അനുവദിച്ചിരുന്നെങ്കിൽ വൻതുക നികുതി അടയ്ക്കേണ്ടി വരില്ലായിരുന്നു. ഇ.പി.എഫ്.ഒ യുടെ ഭരണപരമായ കാലതാമസം കൊണ്ടും വ്യവഹാരങ്ങൾ കൊണ്ടുമാണ് പെൻഷൻ കുടിശ്ശികയായത്. സർക്കാരിന്റെയും ഇ.പി.എഫ്.ഒ യുടെയും ഭാഗത്ത് നിന്നുള്ള വീഴ്ചയ്ക്ക് മുതിർന്ന പൗരന്മാരായ പെൻഷൻകാർക്ക് പിഴ ചുമത്തുന്നതാണ് നിലവിലെ നികുതി ചുമത്തലെന്നും എം.പി ചൂണ്ടിക്കാട്ടി.