ചാത്തന്നൂർ: നായർ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ എതിർത്തതും തെറ്റുകൾ തിരുത്തിയതും സമുദായത്തെ പുതിയ ദിശയിലേക്ക് നയിച്ചതും സമുദായാചാര്യൻ മന്നത്ത് പത്മനാഭനാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു. ചിറക്കരത്താഴം ഗുരുനാഗപ്പ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ് രൂപീകരണത്തിലൂടെ, അകത്തളങ്ങളിൽ നിന്നു സ്ത്രീകളെ രംഗത്തിറക്കാനും അവരുടെ കർമ്മശേഷി പരിപോഷിപ്പിക്കാനും കഴിഞ്ഞു. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സാമ്പത്തിക സംവരണം അനുവദിക്കാനായി ദീർഘകാലം എൻ.എസ്.കേസ് നടത്തി. ഇപ്പോൾ അതിന്റെ ഗുണം അനുഭവിക്കുന്നത് നായർ സമുദായം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷനായി. കമലാസദനത്തിൽ പഴവിള ശിവശങ്കരപിള്ളയുടെ സ്മാരകമായി എസ്. വിനുകുമാറാണ് കെട്ടിടം നിർമ്മിച്ചു നൽകിയത്. പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷനായി. പഴവിള ശിവശങ്കരപിള്ളയുടെ ഭാര്യ എൽ. കമലാഭായി അമ്മ താക്കോൽ ദാനം നിർവഹിച്ചു. മുൻ കരയോഗം പ്രസിഡന്റ് രഞ്ജൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, സെക്രട്ടറി എം. അനിൽകുമാർ, കരയോഗം സെക്രട്ടറി ആർ. രതീഷ്, എസ്. വിനുകുമാർ, വനിതാ സമാജം സെക്രട്ടറി രോഹിണി രഞ്ജൻ, കരയോഗം പ്രസിഡന്റ് എൽ.എസ്. ദീപക്, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ദേവദാസ്, മുൻ ഗ്രാമപഞ്ചായത്തംഗം യു.എസ്. ഉല്ലാസ് കൃഷ്ണൻ, ചിറക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. അപ്പുക്കുട്ടൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.