കൊല്ലം: കിളികൊല്ലൂർ കന്നിമേൽ ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ. കരിക്കോട് ടി.കെ.എം കോളേജിന് സമീപം രഞ്ജിത്ത് ഭവനിൽ വിഷ്ണു(28), തട്ടാർകോണം തടവിള വീട്ടിൽ വിഷ്ണുലാൽ(33) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 13ന് വൈകിട്ട് 3.30ന് കിളികൊല്ലൂർ കന്നിമേൽചേരി സൗഹൃദ നഗർ 105ൽ പ്രവീണിനേയും മാതാവിനേയും വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും പ്രവീണിനെ തട്ടിക്കൊണ്ട് പോയി സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഈ കേസിൽ ഉൾപ്പെട്ട 10 പ്രതികളും ഇതോടെ പിടിയിലായി.
കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വൈശാഖ്, സന്തോഷ്, സി.പി.ഒ മാരായ സാജ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.