കൊട്ടാരക്കര: യുവാവിന്റെ സത്യസന്ധതയിൽ മാല നഷ്ടപ്പെട്ടയാൾക്ക് ഒരുപവൻ വരുന്ന സ്വർണമാല തിരികെ ലഭിച്ചു. പുത്തൂർ തെക്കുംപുറം കോട്ടവിള ഐസക് മാത്യുവിന്റെ (68) ഒരുപവന്റെ മാലയാണ് പുത്തൂർ പാങ്ങോട് താഴം മങ്ങാട്ടഴികത്ത് വീട്ടിൽ അഭിലാഷിന്റെ സത്യസന്ധ്യതയിൽ തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പുത്തൂർ ഇന്ത്യൻ ബാങ്കിനു സമീപമുള്ള സ്വകാര്യ ക്ളിനിക്കിൽ പോയി മടങ്ങിവരുന്ന വഴിയ്ക്കാണ് മാല നഷ്ടപ്പെട്ടത്. ബാങ്കിനു സമീപമുള്ള എ.ടി.എമ്മിൽ എത്തിയ അഭിലാഷിന് ബാങ്ക് പരിസരത്തു നിന്ന് മാല കിട്ടി. ഉടൻ തന്നെ സുഹൃത്തായ സജിത്തിനൊപ്പം പുത്തൂർ പൊലീസ് സ്റ്റേഷനിലെത്തുകയും മാല ഏൽപ്പിക്കുകയും ചെയ്തു.തുടർന്ന് അഭിലാഷ് എ.ടി.എമ്മിന് സമീപം മഴ നനയാതിരിക്കാൻ വശത്തേക്കു മാറി നിന്നപ്പോൾ മാല തിരയുന്ന ഐസക്കിനെ ശ്രദ്ധയിൽപ്പെട്ടു. വിവരം ചോദിച്ചറിഞ്ഞ അഭിലാഷ് ഐസക്കിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. എസ്.ഐ. ബാലു വി.നായർ ഐസക്കിന് മാല കൈമാറി . മൊബൈൽ ടെക്നീഷ്യനായ അഭിലാഷിനെ പൊലീസ് സബ് ഇൻസ്പെക്ടർ അനുമോദിച്ചു.