ഓയൂർ :അപ്രോച്ച് റോഡിന്റെ അശാസ്ത്രീയ നിർമ്മാണം കാരണം വെളിയം താന്നിമുക്ക് - തച്ചക്കോട് കിഴക്കേക്കര റോഡ് വെള്ളക്കെട്ടിലായി. കാൽ നടയാത്ര പോലും ദുഷ്കരമായി. വെളിയം- പൂയപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കൊട്ടറ - തച്ചക്കോട് വാർഡുകളിൽപ്പെട്ട നെടുമൺ കാവ് ആറ്റിന് കുറുകെ നിർമ്മിച്ച അറക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ താന്നിമുക്ക് ഭാഗത്ത് റോഡ് ഉയർത്തി ടാർ ചെയ്തതോടെ താന്നിമുക്ക് മുതൽ പൗൾട്രി ഫാം വരെയുള്ള ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിക്കിടന്ന് വാഹനയാത്രയും കാൽ നടയാത്രയും ദുഷ്കരമാക്കിയിരിക്കുകയാണ്.
വെളിയം, പൂയപ്പള്ളി പഞ്ചായത്ത് അധികൃതർ ഇടപെടണം
പൂയപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ടതാണ് വെള്ളക്കെട്ടായ സ്ഥലം. താന്നിമുക്കിൽ നിന്ന് തച്ചക്കോട്, കിഴക്കേക്കര വഴി നെയ്തോട് കൂടി പൂയപ്പള്ളി, നാൽക്കവല തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. ഈ റോഡിന്റെ വശങ്ങളിലായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഇതുവഴി നൂറുകണക്കിനാളുകളാണ് കാൽനടയായും വാഹനങ്ങളിലും കടന്നുപോകുന്നത്. വെള്ളക്കെട്ടായതോടെ ഇതുവഴിയുള്ള യാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. വെളിയം, പൂയപ്പള്ളി, ഗ്രാമ പഞ്ചായത്ത് അധികൃതർ ഇടപെട്ട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.