അഞ്ചാലുംമൂട്: റോഡിലും വീടുകളിലും വെള്ളം കയറിയതോടെ ദുരിതത്തിലാണ് കോർപ്പറേഷൻ 10-ാം ഡിവിഷനിലെ കോട്ടയ്ക്കകം കാമ്പികുളം മുതൽ ബൈപ്പാസ് വരെയുള്ള വീട്ടുകാർ. പത്തിലേറെ കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. കാമ്പിയിൽ കുളത്തിൽ നിന്ന് ബൈപാസിന് സമീപത്ത് കൂടി പോകുന്ന ഓടയിൽ ഒഴുക്ക് തടസപ്പെട്ടതോടെയാണ് വെള്ളം ഓടകവിഞ്ഞും റോഡിലേക്കും വീടുകളിലേക്കും എത്തിയത്.
റോഡിലൂടെ പ്രദേശവാസികൾക്ക് നടന്ന് പോകാനാകാത്ത അവസ്ഥയാണ്. മാലിന്യം കലർന്ന വെള്ളമായതിനാൽ ചൊറിച്ചിൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. പകർച്ച വ്യാധികളും വ്യാപിക്കുന്നു. കഴിഞ്ഞ മഴക്കാലത്തും സമാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ഇതുവരെ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിരുന്നില്ല. തുടർന്ന് നാട്ടുകാരും സ്ഥലത്തെ ഡി.വൈ.എഫ് ഐ പ്രവർത്തകരും ചേർന്നാണ് താത്കാലികമായി വെള്ളക്കെട്ട് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്. ഇത്തവണ മഴക്കാലത്തിന് മുൻപേ പ്രദേശവാസികൾ കൗൺസിലറെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
മലിനജലം വീടുകളുടെ പരിസരത്ത് കെട്ടിനിന്ന് മണ്ണിലേക്ക് ഇറങ്ങുന്നതിനാൽ കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. വെള്ളം കെട്ടി നിൽക്കുന്നതിനാൽ വീടിന് പുറത്തെ കക്കൂസ് ഉൾപ്പെടെ ഉപയോഗിക്കാനാകാത്ത സ്ഥിതിയുമുണ്ട്.