കൊല്ലം: കൊല്ലം തോട്ടിൽ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ ബലക്ഷയമുണ്ടായ കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്‌ട പരിഹാരത്തിന് സാദ്ധ്യത തെളി​യുന്നു. കല്ലുപാലത്തിന് സമീപത്തെ രണ്ട് കടകയുടമകൾക്കുണ്ടായ നഷ്‌ടത്തിന്റെ ഏകദേശ തോത് നിർണയിച്ച് ഉൾനാടൻ ജലഗതാഗത വകുപ്പാണ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന് റിപ്പോർട്ട് സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ നടപടി ഉണ്ടായേക്കും. പൊതുമരാമത്ത് വകുപ്പിന്റെ പൊതുമാനദണ്ഡ പ്രകാരമാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് നഷ്‌ടം വിലയിരുത്തിയത്.

ഈ ഭാഗത്തെ മണ്ണിന്റെ ബലക്കുറവ് പരിഗണിച്ച്, അധിക അളവിലുള്ള പ്രത്യേക നിർമ്മാണ സാമഗ്രികളുടെ കൂട്ടാണ് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ചത്. നാല് പാളി ലോഹ തകിടുപാകി കര ബലപ്പെടുത്തിയാണ് കോൺക്രീറ്റ് ചെയ്‌തത്. ജലസേചന വകുപ്പിന്റെ ഡിസൈൻ വിഭാഗമായ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർ‌‌ഡി​ന്റേതാണ് (ഐ.ഡി.ആർ.ബി) രൂപകല്പന. 11 മീറ്റർ ആഴത്തിൽ യന്ത്രസാമഗ്രികൾ താഴ്‌ത്തിയതിനെ തുടർന്നാണ് സമീപത്തെ കെട്ടിടങ്ങൾ തകർച്ചയുടെ വക്കിലായത്.

പുതിയ കല്ലുപാലത്തിൽ നിന്നു തുടങ്ങി 45 മീറ്റർ ദൈർഘ്യത്തി​ൽ കരയുടെ ഒരു ഭാഗം ശക്തിപ്പെടുത്തുന്ന ആദ്യഘട്ട സംരക്ഷണ ഭിത്തി നിർമ്മാണമാണ് പുരോഗമിക്കുന്നത്. പള്ളിത്തോട്ടം പഴയ തടിപ്പാലം വരെയുള്ള കരയിടിച്ചിൽ തടയാനുള്ള സംരക്ഷണ ഭിത്തി നിർമ്മാണമാണ് അടുത്ത ഘട്ടം. കൊല്ലം തോട് നവീകരണത്തിന്റെ ഭാഗമായുള്ള നദീതട സംരക്ഷണ പദ്ധതിയുടെ ഭാഗമായി​ട്ടാണ് കര ബലപ്പെടുത്തുന്നത്.