photo
തോടായിമാറിയ എസ്.ബി.എം - ഗായത്രി ജംഗ്ഷൻ റോഡ്

കരുനാഗപ്പള്ളി: മഴ കനത്തതോടെ കരുനാഗപ്പള്ളി നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള അപ്രോച്ച് റോഡ് തോടായി മാറി. കരുനാഗപ്പള്ളി മാർക്കറ്റ് ഉൾപ്പെെയുള്ള പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. എല്ലാ മഴക്കാലത്തും റോഡിന്റെ സ്ഥിതി ഇതാണ്. കരുനാഗപ്പള്ളി എസ്.ബി.എം ആശുപത്രി മുതൽ കിഴക്കോട്ട് ഗായത്രി ജംഗ്ഷൻ വരെ 300 മീറ്റർ ദൈഘ്യമുള്ള കോൺക്രീറ്റ് റോഡാണ് പൂർണമായും വെള്ളക്കെട്ടായി മാറിയത്. റോഡിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളക്കെട്ടിലാണ്. എസ്.ബി.എം ആശുപത്രി, വലിയത്ത് ആശുപത്രി, തേവർകാവ് ക്ഷേത്രം, എം.ജി.ഐ.ടി.സി, ശ്രീ വിദ്യാധിരാഡ ആർട്സ് ആൻഡ് സയൻസ് കോളേജ്, കരുനാഗപ്പള്ളി മാർക്കറ്റ് എന്നിവടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗ്ഗമാണ് ഈ റോഡ്.

നീർച്ചാൽ കൈയ്യേറി

റോഡിന്റെ പടിഞ്ഞാറ് കിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള മഴവെള്ളം ഒഴുകി റോഡിന്റെ മദ്ധ്യഭാഗത്ത് തളം കെട്ടി കിടക്കുകയാണ്. ഇവിടെ നിന്നും മഴ വെള്ളം ഒഴുകി പോകാൻ മാർഗ്ഗമില്ലാത്തതാണ് ദുരിതത്തിന് കാരണം. ഇതുവഴി വെള്ളമൊഴുകുന്ന നീർച്ചാൽ കൈയ്യേറിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. റോഡിന് ഇരു വശങ്ങളിലും താമസിക്കുന്നവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വീടുകളുടെ പോർച്ചിൽ കിടക്കുന്ന വാഹനങ്ങളിലും വെള്ളം കയറി.

പ്രശ്ന പരിഹാരം

കഴിഞ്ഞ വർഷം നാട്ടുകാർ കരുനാഗപ്പള്ളി മുൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതേ തുടർന്ന് കരുനാഗപ്പള്ളി തഹസീൽദാർ ജനപ്രതിനിധികളുടെയും മുൻസിപ്പൽ അധികൃതരുടെയും യോഗം വിളിച്ച് ചേർത്ത് പ്രശ്ന പരിഹാരത്തിന് തീരുമാനമെടുത്തു.

ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളക്കെട്ട് പരിഹരിക്കാൻ തഹസീൽദാർ മുൻസിപ്പാലിറ്റിക്ക് കത്തു നൽകി. അങ്ങനെ നഗരസഭയുടെ എൻജിനീയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ച് പ്രോജക്ട് തയ്യാറാക്കി.

പൈപ്പ് ലൈൻ പദ്ധതി

റോഡിന്റെ വെള്ളക്കെട്ടായ ഭാഗത്തു നിന്ന് തെക്കോട്ട് 150 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ വലിച്ച് കെ.എസ്.ആർ.ടി.സിക്ക് തെക്ക് വശമുള്ള റോഡിലെ പ്രധാന ഓടയുമായി ബന്ധിപ്പിക്കുകയെന്നതായിരുന്ന പ്രോജക്ട്.

14 ക്ഷം രൂപ അനുവദിച്ചു.

പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി

കരാറുകാരൻ എഗ്രിമെന്റും വെച്ചു

കാലവർഷത്തിന് മുമ്പ് പൈപ്പ് ഇടണമെന്നതായിരുന്നു നഗരസഭയുടെ നിർദ്ദേശം

എഗ്രിമെന്റ് വെച്ച് 6 മാസങ്ങൾ പിന്നിടുമ്പോഴും വർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല.