കരുനാഗപ്പള്ളി: തോരാതെ പെയ്യുന്ന മഴയിൽ കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളിൽ ജനജീവിതം ദുരിത പൂർണമായി. വെള്ളക്കെട്ടാണ് പ്രധാന വില്ലൻ. താഴ്ന്ന പ്രദേശങ്ങളിൽ കെട്ടി നിൽക്കുന മഴ വെള്ളം ഒഴുകി പോകുന്നതിനുള്ള മാർഗ്ഗങ്ങളില്ല. നിലം നികത്തലിന്റെ ഭാഗമായി നീർച്ചാലുകൾ ആളുകൾ കൈയ്യേറി കഴിഞ്ഞു. മുൻ കാലങ്ങളിൽ മഴ വെള്ളം നീർച്ചാലുകൾ വഴി ഒഴുകി പശ്ചിമതീര കനാലിൽ പതിക്കുമായിരുന്നു. നഗരസഭയുടെ പരിധയിലുള്ള ഓടകളുടെയും തഴത്തോടുകളുടെയും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ശുചീകരണ തൊഴിലാളികളുടെ കുറവ് ശുചീകരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഴക്കാലത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇന്നലെ പകൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും അയണിവേലിക്കുളങ്ങര തെക്ക് അരണശ്ശേരിൽ പടീറ്റതിൽ ഷീബയുടെ ഓടിട്ട വീടിന്റെ അടുക്കള ഭാഗം തകർന്ന് വീണു. ആലപ്പാട് പഞ്ചായത്തിൽ കലാക്രമണം ശക്തമാണ്. വൻ തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറുന്നത്. നിരവധി വീടുകളിൽ വെള്ളം കയറി.