പത്തനാപുരം: രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ 50 അടിയോളം ഉയരമുള്ള മൺതിട്ട വീടിന് മുകളിലേക്കും കിണറിലേക്കും ഇടിഞ്ഞുവീണു. വീട് ഭാഗികമായും കിണർ പൂർണമായും നശിച്ചു
പിറവന്തൂർ പുത്തൻവീട്ടിൽ സബീനയുടെ വീടിനും കിണറിനുമാണ് നാശനഷ്ടം സംഭവിച്ചത്.ഇന്നലെ പുലർച്ചെ 7.30 ഓടെയാണ് സംഭവം.
മണ്ണ് ഇടിഞ്ഞുവീണു വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് കിടക്കുന്നതിനാൽ വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്.
കിണറിന്റെ കൈവരി പൂർണമായും തകർന്നു. കിണറിനുള്ളിലേക്ക് മണ്ണ് വീണ് കിണർ ഉപയോഗശൂന്യമായി.
ഏകദേശം മുപ്പത് ലോഡോളം മണ്ണ് ഇടിഞ്ഞു വീണിട്ടുണ്ട്. ഇവ നീക്കം ചെയ്യാതെ വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയില്ല. കിണർ നശിച്ചതോടെ കുടിവെള്ളം മുടങ്ങി പ്രാഥമിക സൗകര്യങ്ങൾക്ക് ഒന്നും പറ്റാത്ത അവസ്ഥയാണ്.
പിറവന്തൂർ വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിപ്പോയി.
അടിയന്തരമായി മണ്ണ് നീക്കം ചെയ്തെങ്കിൽ മാത്രമേ വീട് ഇനി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.