അഞ്ചൽ: വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ തകർത്ത് വ്യാപക മോഷണം. ആയുർ പെരുങ്ങള്ളൂരിലെ ആറ് വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. പെരുങ്ങള്ളൂർ പാലം ജംഗ്ഷനിലെ ബേക്കറിയുടേയും സമീപത്തെ ആരോഗ്യ കേന്ദ്രത്തിന്റെയും പൂട്ടുകൾ കുത്തിപ്പൊളിച്ച നിലയിലാണ്. കളപ്പിലാ റൈസ് മിൽ, ജ്യൂസ് ആൻഡ് ഫ്രൂട്സ്, സമീപത്തെ തട്ടുകട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇലക്ട്രോണിക് സാധനങ്ങൾ, സിഗരറ്റ്, ബേക്കറി സാധനങ്ങൾ, പണം എന്നിവ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നഷ്ടപ്പെട്ടിട്ടുള്ളതായി ഉടമകൾ പൊലീസിന് മൊഴി നൽകി. മോഷ്ടാക്കളെത്തിയ വാഹനം കടയുടെ പിൻഭാഗത്ത് ഒളിപ്പിച്ചിട്ട ശേഷമാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് പൊലീസിന് തെളിവുകൾ ലഭിച്ചു. ചടയമംഗലം പൊലീസെത്തി തെളിവെടുപ്പ് നടത്തി.