കൊല്ലം: പരവൂർ പു​റ്റി​ങ്ങൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത കേ​സിന്റെ വിചാരണയിൽ പ്രോസിക്യൂഷനെ സഹായിക്കാൻ ക്രൈം ബ്രാഞ്ച് സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിന്റെ ഫോറൻസിക് പരിശോധന ഫലം അടക്കം തെളിവുകളുടെ ശാസ്ത്രീയ വശങ്ങളടക്കം പ്രോസിക്യൂഷന് വിശദമാക്കി നൽകാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

കേസ് ഇന്നലെ കൊ​ല്ലം പ്രിൻ​സി​പ്പൽ സെ​ഷൻ​സ് കോ​ട​തി​യി​ൽ പരിഗണിച്ചപ്പോൾ 49 പ്രതികൾ ഹാജരായി. ആകെയുള്ള 59 പ്രതികളിൽ 9 പേർ മരിച്ചിരുന്നു. ഇതുവരെ ഹാജരാകാത്ത ഒരു പ്രതിക്ക് വാറണ്ട് പുറപ്പെടുവിച്ചു. കേസ് ജൂൺ 24ലേക്ക് മാറ്റി. വൈകാതെ ടി.എം.വർ​ഗീ​സ് സ്​മാ​ര​ക ഓ​ഡി​റ്റോ​റി​യം വളപ്പിലെ പ​ഴ​യ കെ​ട്ടി​ട​ത്തിൽ ഉ​ടൻ പ്ര​വർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന പു​റ്റി​ങ്ങൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ട സ്‌​പെ​ഷ്യൽ കോ​ട​തി​യി​ലേ​ക്ക് കേസ് മാറ്റും. സ്പെഷ്യൽ കോടതി ജഡ്ജിയെയും വൈകാതെ ഹൈക്കോടതി നിയോഗിക്കും.