മലപ്പുറം: സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും കൂടുന്ന സാഹചര്യത്തിൽ ആയുഷ് മേഖലയെ ശാക്തീകരിക്കാൻ ആയുഷ് വിഭാഗത്തിന് പ്രത്യേക പ്രിൻസിപ്പൽ സെക്രട്ടറി വേണമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൊതുജനാരോഗ്യ നിയമം നിലവിൽ വന്ന സാഹചര്യത്തിൽ വിവിധ ആരോഗ്യ സമിതികളിൽ ആയുഷ് വിഭാഗങ്ങൾക്ക് വേണ്ടത്ര പ്രാതിനിധ്യം നിലനിറുത്തേണ്ടതുണ്ട്. ഇതിനായി ആയുഷ് സെക്രട്ടറിയെ സംസ്ഥാന പൊതുജനാരോഗ്യ സമിതിയിൽ ഉൾപ്പെടുത്തണം. വിവിധ സാംക്രമിക രോഗങ്ങൾ ഉടലെടുക്കുമ്പോൾ ആയുഷ് പ്രതിരോധ ചികിത്സാ സമ്പ്രദായങ്ങളെ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഉൾപ്പെടുത്തണം. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള ദ്രുത കർമ്മ സാംക്രമിക രോഗ പ്രതിരോധ സെൽ എല്ലാ ജില്ലകളിലും ഉപയോഗപ്പെടുത്തണമെന്നും ഐ.എച്ച്.എം.എ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.