പൂവറ്റൂർ: കുളക്കട പഞ്ചായത്തിലെ പൂവറ്റൂർ - മുട്ടത്ത് -കലയപുരം റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് രണ്ടര വർഷത്തോളമാകുന്നു. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഫലം കാണാതെ വന്നതോടെ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ നാട്ടുകാർ പോളിംഗ് ബഹിഷ്‌കരിക്കുന്ന ഘട്ടം വരെയെത്തി.
പഞ്ചായത്ത് റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തത് ഉന്നത നിലവാരത്തിൽ നവീകരിക്കാനായിരുന്നു. എന്നാൽ അന്നു തുടങ്ങി റോഡിന്റെയും നാട്ടുകാരുടെയും കഷ്‌ടകാലം.
വയലോരത്ത് കൂടിയുള്ള റോഡിന്റെ ദൈർഘ്യം ഏകദേശം മുക്കാൽ കിലോമീറ്ററാണ്. ഇതിന്റെ തുടക്കത്തിൽ പൂവറ്റൂർ ഭാഗത്ത് 200 മീറ്ററോളവും കലയപുരം ഉന്തിരാൻമുക്കിൽ ഏകദേശം 100 മീറ്ററുമാണ് ദുർഘട പാതയായി മാറിയത്.
യാത്ര കഠിനമായതോടെ പുത്തൂരിൽ നിന്ന് എത്തുന്നവർക്ക് എം.സി റോഡിൽ പ്രവേശിക്കാൻ ഏകദേശം അഞ്ച് കിലോമീറ്ററിൽ അധികം സഞ്ചരിക്കണം. ആറ്റുവാശേരി, പുത്തൂർ ഭാഗത്തുള്ളവർക്ക് പുനലൂരുൾപ്പെടെ കിഴക്കൻ മേഖലയിലെത്താനും എളുപ്പവഴിയായിരുന്നു.
ജില്ലാ പഞ്ചായത്ത് റോഡിൽ വയലിനോട് ചേർന്നുള്ള ഭാഗിക പ്രദേശങ്ങളിൽ മാത്രം സംരക്ഷണഭിത്തി നിർമ്മിച്ചു. മൂന്ന് വാർഡുകളിലായി ഏകദേശം 70 പേരാണ് ഇക്കുറി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്.
ഗുരുതര അനാസ്ഥയാണ് ഉണ്ടാകുന്നത്. പുത്തൂർമുക്ക് ഭാഗത്ത് നിന്ന് കലയപുരത്ത് എത്താനുള്ള എളുപ്പവഴിയാണിത്. റോഡിന്റെ തകർച്ച മൂലം അപകടങ്ങൾ തുടർക്കഥയാണ്.
ആർ .ഉദയഭാനു
സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം
പൂവറ്റൂർ ടൗൺ 3062 ാം നമ്പർ ശാഖ
നവീകരണത്തിന് കൂടിയ തുക ആവശ്യമായ റോഡുകളാെക്കെ ജില്ലാ പഞ്ചായത്തിന് കൈമാറിയത് സർക്കാർ ഉത്തരവിനെ തുടർന്നാണ്.
ജെ. സജിമാേൻ
പഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്ത് ഫണ്ട് അപര്യാപ്‌തമാണ്. ഉന്നത നിലവാരം പുലർത്തുന്ന റോഡായി മാറും. ജില്ലാ പഞ്ചായത്ത് പണം ഉടൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ.
പി.ബി.ബീന
വാർഡ് മെമ്പർ
പൂവറ്റൂരിൽ നിന്ന് കലയപുരത്തേക്കുള്ള എളുപ്പപാതയാണ് അനാഥമാകുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ അപകടങ്ങൾ നിരവധിയാണ്. വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്.
സി.ആർ.പ്രശാന്ത്, പ്രസിഡന്റ്
എസ്.എൻ.ഡി.പി യോഗം പൂവറ്റൂർ ടൗൺ
3062 ാം നമ്പർ ശാഖ