കൊല്ലം: കാവൽ ജംഗ്ഷനിൽ നിന്ന് കോത്തല വയൽ വഴി ബിഷപ്പ് ഹൗസിലേക്കുള്ള റോഡിന്റെ അശാസ്ത്രീയ നി‌ർമ്മാണം കാരണം വീടും പരിസരവും വെള്ളത്തിൽ മുങ്ങിയതിനാൽ നരകിക്കുകയാണ് കോത്തല വയലിനടുത്തുള്ള കുടുംബങ്ങൾ.

തറനിരപ്പിൽ നിന്ന് ഒന്നരയടിയോളം ഉയരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. പുന്നത്തല സൗത്ത് റസിഡൻസ് അസോസിയേഷനിലെ നാല്പതോളം വീടുകളിലേക്കാണ് ചെളിയും വെള്ളവും ഒഴുകിയെത്തുന്നത്. റോഡ് പുനർനിർമ്മാണത്തിന് മുൻപ് മഴവെള്ളം കെട്ടിനിൽക്കാതെ കോത്തല വയലിലേക്കും വയലിൽ നിന്ന് നേരെ ഐ.ഒ.ബി ബാങ്കിന് സമീപത്തെ കലുങ്ക് വഴി കടലിലേക്കും പോകുമായിരുന്നു. എന്നാൽ റോഡിന് പൊക്കം കൂടിയതോടെ ഒരുവശത്ത് വെള്ളം കെട്ടിനിന്ന് വീടുകളിലേക്ക് കയറുകയാണ്.

ആറുമാസം മുൻപ് ഏകദേശം 65 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമ്മിച്ചത്. ഹാർബ‌ർ എൻജിനീയറിംഗ് വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല. മുൻപ് ഉണ്ടായിരുന്ന മാൻഹോളുകളെല്ലാം റോഡ് പുതുക്കിയതോടെ അപ്രത്യക്ഷമായി.

റോഡിൽ ടാറിട്ടശേഷം വശങ്ങളിൽ സിമന്റ് ചരിച്ച് പൊത്തിവച്ച നിലയിലാണുള്ളത്. ചരിവ് കാരണം ഒരു വണ്ടിവന്നാൽ ഒഴിഞ്ഞുമാറാൻ കഴിയാത്ത ഗതികേടിലാണ് നാട്ടുകാർ. വീട്ടിൽ നിന്ന് റോഡിലേക്ക് കയറാൻ പ്രായമായവർ ബുദ്ധിമുട്ടുന്നു. സ്വകാര്യ ബസുൾപ്പെടെ സ‌ർവീസ് നടത്തുന്ന ഇവിടെ കാൽനടയാത്ര ഇപ്പോൾ ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയായി. റോഡ് പണി നടന്നപ്പോൾ നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ കേട്ടഭാവം നടിച്ചില്ലെന്നാണ് ആരോപണം. ആഴത്തിൽ ഓട നിർമ്മിച്ചോ റോഡിന്റെ പൊക്കം കുറച്ചോ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

കാവൽ ജംഗ്ഷനും വെള്ളത്തിൽ

നിരവധി വാഹനങ്ങളും ആളുകളും കടന്നു പോകുന്ന തിരക്കേറിയ ജംഗ്ഷനാണ് തങ്കശ്ശേരി കാവൽ ജംഗ്ഷൻ. അഞ്ചു റോഡുകളാണ് ഇവിടെ വന്നുചേരുന്നത്. വ്യാപാര സ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്ന ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കോത്തറ വയലിലേക്കും മറ്റും മുൻപ് വെള്ളം ഒഴുകിപ്പോകുമായിരുന്നു. എന്നാൽ നിലവിൽ ഈ ഭാഗത്തെ റോഡിന് ഉയരം കൂടിയതിനാൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഓടയില്ലാത്തതും പ്രശ്നം രൂക്ഷമാക്കി. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ഓട നിർമ്മാണം തുടങ്ങുമെന്ന് ഹാർബ‌ർ എൻജിനീയറിംഗ് വിഭാഗം അധികൃതർ അറിയിച്ചു.

ആദ്യം റോഡുപണിക്കായി മാസങ്ങളോളം വഴി കുത്തിപ്പൊളിച്ചിട്ട് ഞങ്ങളെ ദുരിതത്തിലാക്കി. ഇപ്പോൾ വീടുകളിലേക്ക് വെള്ളം കയറുന്ന രീതിയിൽ റോഡ് നിർമ്മിച്ച് ബുദ്ധിമുട്ടിലാക്കി. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണം

പ്രദേശവാസികൾ