കൊട്ടാരക്കര: മൺസൂൺ മുന്നൊരുക്കങ്ങുടെ ഭാഗമായി ധന മന്ത്രിയുടെ നിർദ്ദേശ പ്രകാരം താലൂക്ക് കോൺഫറൻസ് ഹളിൽ തഹസീൽദാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. എം.സി റോഡിൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് യോഗത്തിൽ തഹസീൽദാർ നിർദ്ദേശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാൻ മെയിന്റനൻസ് വർക്ക് നടന്നുവരുന്നതായി കെ.എസ്.ടി.പി ഉദ്യാഗസ്ഥർ അറിയിച്ചു. ശുചീകരണം, പകർച്ചവ്യാധി ലഘൂകരണം, മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച് നടന്ന ചർച്ചയിൽ കൊട്ടാരക്കര, കടയ്ക്കൽ, ഗവ.ഹോസ്പിറ്രൽ സൂപ്രണ്ടുമാർ, ഹെൽത്ത് ഇൻസ്പെക്ടമാർ, ബ്ലോക്ക് പഞ്ചായത്ത് അധികൃതർ എന്നിവർ സംസാരിച്ചു.
എല്ലാ ഓഫീസുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ഉറവിട മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കണമെന്നും തീരുമാനിച്ചു. യോഗത്തിൽ കൊട്ടാരക്കര തഹസീൽദാർ എ.കെ.അജികുമാർ, ഭൂരേഖ തഹസീൽദാർ ജി.വിജയകുമാർ, ദുരന്ത നിവാരണ വിഭാഗം തഹസീൽദാർ ജി.അജേഷ് കൂടാത പൊലീസ്, ഫയർ, ഹോസ്പിറ്റൽ, ഇറിഗേഷൻ, കെ.എസ്.ഇ.ബി, കെ.എസ്.ടി.പി, ആർ.ടി.ഒ, മൃഗസംരക്ഷണ വകുപ്പ് മേധാവികൾ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.