jh
രേഷ്മയും നിസയും

കൊല്ലം: മകന് സ്കൂളി​ൽ അഡ്മി​ഷൻ എടുക്കാനെത്തി​യപ്പോൾ, സ്കൂൾ കവാടത്തിനു സമീപത്തു നി​ന്നു രേഷ്മയ്ക്കു ലഭി​ച്ച ലഭി​ച്ച ഒന്നര പവന്റെ മാല അതേ സ്കൂളി​ലെ അദ്ധ്യാപി​കയുടെ കണ്ണീരൊപ്പി​. പുതിയക്കാവ് രേഷ്മ നിവാസിൽ രേഷ്മയുടെ സത്യസന്ധതയാണ് മാലയുടെ ഉടമയായ പുതിയകാവ് സ്വദേശി നിസ സലി​മിന് ആശ്വാസമേകി​യത്.

കഴിഞ്ഞ 24 ന് ഉച്ചയ്ക്ക് 12 ഓടെ കരുനാഗപ്പള്ളി ഗവ.മോഡൽ സ്കൂളിൽ വച്ചാണ് ഓച്ചിറ ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപികയായ നിസയുടെ പക്കൽ നി​ന്ന് മാല നഷ്ടപ്പെട്ടത്. മകളുടെ ഒന്നാം പിറന്നാളിന് അവൾക്കായി വാങ്ങിയ മാലയായിരുന്നു ഇത്. അവധിക്കാല അദ്ധ്യാപക ട്രെയിനിംഗിനാണ് നി​സ ഈ സ്കൂളി​ൽ എത്തി​യത്. ഒരുപാട് അന്വേഷിച്ചെങ്കിലും മാല കണ്ടെത്താനായില്ല. ഈ സമയത്താണ് മകൻ വസുദേവിന് ഏഴാം ക്ലാസിലേക്ക് അഡ്മിഷൻ എടുക്കാനായി രേഷ്മ സ്കൂളിൽ എത്തുന്നത്. അഡ്മിഷൻ എടുത്ത ശേഷം തിരികെ മടങ്ങുന്നതിനിടയിലാണ് സ്കൂളിന്റെ പ്രധാന കവാടത്തിൽ നി​ന്ന് മാല ലഭിക്കുന്നത്. ഉടൻ തന്നെ രേഷ്മയും അച്ഛൻ രാജേന്ദ്രനും അഡ്മിഷൻ നടക്കുന്ന ഓഫീസിൽ മാല ഏൽപ്പിച്ച് മടങ്ങി. മാല നഷ്ടപ്പെട്ട വിവരം സ്കൂൾ അധികൃതരെ നിസ അറിയിച്ചിരുന്നു. ഇതോടെ സ്കൂൾ അധികൃതർ മാല നിസയെ തിരികെ ഏൽപ്പിച്ചു. തുടർന്ന് അഡ്മിഷൻ രജിസ്റ്ററിൽ നിന്ന് രേഷ്മയുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ച് നിസ തന്റെ സന്തോഷവും നന്ദിയും അറിയിച്ചു. തുടർന്ന് നിസയും മറ്റ് അദ്ധ്യാപകരും വൈകിട്ട് മൂന്നരയോടെ രേഷ്മയെ സ്കൂളിൽ വിളിച്ച് വരുത്തി സ്നേഹോപഹാരം നൽകി ആദരിച്ചു.