തുടർച്ചയായ മഴയിൽ താത്കാലിക റോഡ് തകർന്നു
അഞ്ചാലുംമൂട്: കനത്ത മഴയെത്തുടർന്ന് ബൈപ്പാസിലെ ഒറ്റക്കൽ റോഡിലൂടെയുള്ള യാത്ര ദുരിതത്തിലായി. ബൈപ്പാസ് ആറ് വരിയാക്കുന്നതിന്റെ ഭാഗമായി കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്കുള്ള റോഡിന്റെ മദ്ധ്യഭാഗം നിർമ്മാണ കമ്പനി അധികൃതർ അടച്ചിരുന്നു. ഇതിനാൽ കല്ലുംതാഴം, അഞ്ചാലുംമൂട് ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ താത്കാലികമായി ടാർ ചെയ്ത് നിർമ്മിച്ച റോഡിലൂടെ വേണമായിരുന്നു യാത്ര ചെയ്യേണ്ടത്. ഈ റോഡാണ് തുടർച്ചയായി പെയ്ത മഴയിൽ കുഴിയായി മാറിയത്.
മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതിനാൽ തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. പല കുഴികളും ഇതിനോടകം തന്നെ ഗർത്തങ്ങളായി മാറി. ഇരു ചക്രവാഹനങ്ങൾക്ക് പുറമേ സ്വകാര്യ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്ന് പോകുന്നത്. നിരന്തര യാത്ര നിമിത്തം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് വൻതുക ചെലവാകുന്നുണ്ടെന്ന് വാഹന ഉടമകൾ പറയുന്നു.
സി.കെ.പി.യിലെ കുടുംബാരോഗ്യകേന്ദ്രം, അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തെ ആശുപത്രികളിലേക്ക് പോകുന്നതും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് രോഗികളുമായി പോകുന്നതുമായ ആംബുലൻസുകൾ ഉൾപ്പെടെ ഈ കുഴികളിലൂടെ വേണം സഞ്ചരിക്കാൻ. വേഗത്തിൽ വരുന്ന ആംബുലൻസുകൾ പെട്ടെന്ന് കുഴിയിൽ വീഴുമ്പോഴുണ്ടാകുന്ന ആഘാതം രോഗിയുടെ ആരോഗ്യ നിലയ്ക്ക് അപകടമുണ്ടാക്കുമെന്ന് ഡ്രൈവർമാർ പറയുന്നു.
രാത്രിയിൽ മതിയായ വെളിച്ചമില്ലാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ വീണ് അപകടം ഉണ്ടാകാനുള്ള സാദ്ധ്യതമയറെയാണ്. യാത്രക്കാർ പരാതി അറിയിച്ചെങ്കിലും നിർമ്മാണക്കമ്പനി അധികൃതർ നടപടിയെടുത്തിട്ടില്ല. സ്‌കൂൾ തുറക്കുന്നതിന് മുൻപ് ടാർ ഒലിച്ചുപോയ റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ
ആവശ്യം.
കുരുക്ക് മുറുകും
ദേശീയപാത ആറ് വരിയാക്കുന്നതിന്റെ നിർമ്മാണ പ്രവൃത്തികൾ മൂലം വലിയ ഗതാഗതക്കുരുക്കാണ് ഒറ്റക്കല്ലിൽ അനുഭവപ്പെടുന്നത്. സ്‌കൂൾ വാഹനങ്ങൾ കൂടി നിരത്തിലേക്കെത്തുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് മുറുകും. രാവിലെയും വൈകിട്ടുമാണ് ുരുക്ക് രൂക്ഷമാവുന്നത്.