കരുനാഗപ്പള്ളി: കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, കരുനാഗപ്പള്ളി നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണം അവതാളത്തിൽ. ശുചീകരണ തൊഴിലാളികളുടെ എണ്ണക്കുറവാണ് പ്രധാന പ്രശ്നം.
കരുനാഗപ്പള്ളി നഗരസഭ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോൾ സർക്കാർ അനുവദിച്ചിരുന്നത് 14 ശുചീകരണ തൊഴിലാളികളെയാണ്. പഞ്ചായത്ത് നഗരസഭയായി മാറിയപ്പോഴും എണ്ണത്തിൽ മാറ്റം വന്നില്ല. ഗ്രാമപഞ്ചായത്തായിരുന്നപ്പോൾ 23 വാർഡുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 35 ഡിവിഷനുകളായി. നഗര ശുചീകരണവും മാലിന്യ പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്കുമായി 23 ശുചീകരണ തൊഴിലാളികളെ നഗരസഭ കൗൺസിൽ അധികമായി എടുത്തിരുന്നു. നിലവിൽ 37 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. സർക്കാർ അംഗീകാരം ഇല്ലാത്ത ശുചീകരണ തൊഴിലാളികൾക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കണമെന്ന്, കണക്ക് ഓഡിറ്റ് ചെയ്ത ലോക്കൽ ഫണ്ട് ഉദ്യോഗസ്ഥർ കുറിപ്പ് എഴുതിയതോടെയാണ് പ്രവർത്തനങ്ങൾ താറുമാറായത്. കഴിഞ്ഞ വർഷം നഗരസഭ പ്രത്യേകം പ്രോജക്ട് തയ്യാറാക്കി ജില്ലാ പ്ളാനിംഗ് സമിതിയുടെ അംഗീകാരത്തോടെ, അധികമായി എടുത്ത തൊഴിലാളികൾക്ക് പ്ലാൻ ഫണ്ടിൽ നിന്നു ശമ്പളം നൽകിയാണ് ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തിയത്. മാർച്ച് 31 ന് പ്രോജക്ടിന്റെ കാലാവധി അവസാനിച്ചു. ഇനി പുതിയ പ്രോജക്ട് തയ്യാറാക്കി ഡി.പി.സി യുടെ അംഗീകാരത്തിന് സമർപ്പിക്കണം. തിരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ പ്രോജക്ടുകൾ ഒന്നും ഡി.പി.സിക്ക് സമർപ്പിക്കാൻ കഴിയുകയില്ല.
നൂറു പേരുണ്ടെങ്കിലും പറ്റില്ല!
നഗരസഭയിൽ 100 ശുചീകരണ തൊഴിലാളികൾ ഉണ്ടെങ്കിൽ പോലും ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുകയില്ല. നിലവിലുള്ള തൊഴിലാളികൾക്ക് അമിത ജോലിഭാരമുണ്ട്. കരുനാഗപ്പള്ളി നഗരസഭയുടെ തീരം പൂർണമായും വെള്ളക്കെട്ടാണ്. മഴവെള്ളം ഒഴുകിപ്പോകേണ്ട ഓടകളും തഴത്തോടുകളും ഇനിയും വൃത്തിയാക്കിയിട്ടില്ല. തഴത്തോടുകളിൽ കുളവാഴകൾ വളർന്ന് നിൽക്കുന്നതിനാൽ ഒഴുക്കില്ല. ഹിറ്റാച്ചി ഉപയോഗിച്ച് തോടിന്റെ ആഴം കൂട്ടി മാലിന്യങ്ങൾ നീക്കം ചെയ്താൽ നീരൊഴുക്ക് മുടങ്ങില്ലെന്ന് നാട്ടുകാർ പറയുന്നു.
തൊഴിലാളികൾ ചെയ്യേണ്ടവ
നഗര ശുചീകരണം, നഗരത്തിലേയും ഗ്രാമപ്രദേശങ്ങളിലേയും ഓടകൾ വൃത്തിയാക്കൽ, തഴത്തോടുകളും പാറ്റേലി തോടുകളും വൃത്തിയാക്കൽ, റാേഡുകളുടെ വശങ്ങളിൽ വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ ചെത്തി വൃത്തിയാക്കൽ, മാലിന്യ പ്ലാന്റിൽ എത്തിക്കുന്ന ജൈവ മാലിന്യങ്ങൾ തരംതിരിക്കൽ ഇതെല്ലാം ശുചീകരണ തൊഴിലാളികളുടെ ജോലിയുടെ പരിധിയിൽ വരുന്നതാണ്.