ചവറ: ശക്തമായ കടലാക്രമണവും മഴയും മൂലം പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിന് സമീപമുള്ള കടൽഭിത്തി തകർന്നു. കരുനാഗപ്പള്ളി വെള്ളനാതുരുത്ത് വഴി ദേവീക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന കെ.എം.എം.എല്ലിന്റെ മൈനിംഗ് റോഡും തകർന്നതോടെ വടക്കൻ പ്രദേശങ്ങളിലുള്ളവർ വല്ലാത്ത ദുരിതത്തിലായി.
റോഡിലേക്ക് ഇരച്ചുകയറുന്ന കടൽ വെള്ളം കെട്ടിക്കിടന്നാണ് റോഡ് തകരുന്നത്. ഭകതരുമായി നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന റോഡാണിത്. ക്ഷേത്ര ഭാരവാഹികൾ പരാതിപ്പെട്ടതിനെ തുടർന്ന് ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കടൽ ഭിത്തി തകർന്ന ഭാഗം കെ.എം.എം.എല്ലിന്റെ കൈവശമുള്ള പാറ ഉപയോഗിച്ച് ഉടൻതന്നെ പുന:സ്ഥാപിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ക്ഷേത്രത്തിന് തെക്കുഭാഗത്തെ മൂന്ന് പുലിമുട്ടുകളുടെ നിർമ്മാണത്തിന് ടെൻഡർ നടപടി സ്വീകരിക്കുമെന്ന് കെ.എം.എം.എൽ കമ്പനി അറിയിച്ചിട്ടുണ്ടെന്ന് എം.എൽ.എ വ്യക്തമാക്കി. വെള്ളനാതുരുത്ത് വഴി ക്ഷേത്രത്തിലേക്കുള്ള റോഡ് നന്നാക്കാൻ ഐ.ആർ.ഇക്കും കെ.എം.എം.എല്ലിനും എം.എൽ.എ നിർദ്ദേശം നൽകി. എം.എൽ.എയോടൊപ്പം ജലവിഭവ വകുപ്പിലെയും കെ.എം.എം.എല്ലിലെയും ഉദ്യോഗസ്ഥരും കാട്ടിൽ മേക്കതിൽ ക്ഷേത്രയോഗം പ്രസിഡന്റ് എസ്. സലിംകുമാർ, സെക്രട്ടറി പി.സജി, ട്രഷറർ അനിൽ ജോയ്, വൈസ് പ്രസിഡന്റ് നടരാജൻ ജോത്സ്യൻ, ജോയിന്റ് സെക്രട്ടറി എസ്. ദിനേശ്, മറ്റു ക്ഷേത്ര ഭാരവാഹികൾ എന്നിവരും ഉണ്ടായിരുന്നു