പത്തനാപുരം: എം.പി.വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി വയലാർ രാമവർമ്മ സാംസ്കാരിക വേദി ജീവകാരുണ്യ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജന്. സാഹിത്യ മേഖലയിലെ മികവിനുള്ള പുരസ്കാരം എഴുമറ്റൂർ രാജരാജവർമ്മയ്ക്കും സമ്മാനിക്കും.
നാലാം ചരമവാർഷിക ദിനമായ മേയ് 27ന് വൈകിട്ട് 5ന് തിരുവനന്തപുരം നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിക്കുന്ന എം.പി.വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ പുരസ്‌കാരങ്ങൾ സമ്മാനിക്കും. മന്ത്രി വി.ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ, എം.എം.ഹസൻ, എം.വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, സ്വാമി സാന്ദ്രാനന്ദ, ഡോ. ഷുഹൈബ് മൗലവി, ഡോ. ജി.രാജ്മോഹൻ, ജെ.ആർ.പത്മകുമാർ, ചാരുപാറ രവി, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സാംസ്കാരികവേദി പ്രസിഡന്റ് ആർ.രാജ്മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ അറിയിച്ചു.