കൊല്ലം: അന്തർസംസ്ഥാന ബൈക്ക് മോഷ്ടാക്കളായ അഞ്ചംഗസംഘത്തെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നാളെ കസ്റ്റഡിയിൽ വാങ്ങും. മറ്റ് രണ്ട് പ്രതികളെ ഈസ്റ്റ് പൊലീസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

ഒളിവിൽ കഴിയുന്ന രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ഈസ്റ്റ് പൊലീസ് തെങ്കാശിയിൽ നിന്ന് കൊല്ലത്തെത്തിച്ച വാഹനങ്ങൾ അന്വേഷിച്ച് വിവിധ സ്‌റ്റേഷനുകളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരും ബൈക്ക് ഉടമകളും സ്‌റ്റേഷനിലെത്തി. 28 ബൈക്കുകളും എട്ട് എൻജിനുകളുമാണ് തെങ്കാശിയിൽ നിന്ന് എത്തിച്ചത്. ഇതിൽ രണ്ട് ബൈക്കുകൾ പാരിപ്പള്ളി, പരവൂർ സ്വദേശികൾ തിരിച്ചറിഞ്ഞു. കൊട്ടാരക്കര, വെഞ്ഞാറമൂട്, കരുനാഗപ്പള്ളി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബൈക്കുകൾ അന്വേഷിച്ചെത്തിയത്.

കോടതിയിൽ നിന്ന് രേഖകളുമായെത്തിയാൽ വാഹനങ്ങൾ വിട്ടുനൽകുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഒരു ബൈക്ക് വെഞ്ഞാറമൂട്ടിൽ നിന്ന് മോഷണം പോയതാണ്. വെഞ്ഞാറമൂട്ടിൽ ആക്രിക്കട നടത്തുന്ന ഏജന്റാണ് ബൈക്ക് തെങ്കാശിയിലെത്തിച്ചത്. ഈ കേസ് വെഞ്ഞാറമൂട് സി.ഐയ്ക്ക് കൈമാറി.

തെക്കൻ കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബൈക്ക് മോഷണക്കേസുകളിലെ തൊണ്ടിമുതൽ തെങ്കാശിയിലെ ഗോഡൗണിലുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയതോടെ പുനലൂർ, അഞ്ചൽ പൊലീസ് സംഘം തെങ്കാശിക്ക് പുറപ്പെട്ടു.

അതിർത്തി കടത്താൻ ഒന്നിലേറെ ഏജന്റുമാർ

മോഷണ ബൈക്കുകൾ അതിർത്തി കടത്തുന്നത് ഒന്നിലേറെ ഏജന്റുമാരുടെ നേതൃത്വത്തിലാണെന്നാണ് വിലയിരുത്തൽ. അറസ്റ്റിലായവരുടെ ഫോൺകോളുകൾ അടക്കമുള്ള രേഖകൾ പൊലീസ് പരിശോധിച്ച് വരികയാണ്.