ക്യാമ്പിൽ 82 പേർ

കൊല്ലം: ഇന്നലെ പുലർച്ചെ മുതൽ ഇടവിട്ട് പെയ്ത മഴയിൽ മൂന്ന് വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. കുന്നത്തൂർ താലൂക്കിൽ ഒരു വീടും കൊട്ടാരക്കരയിൽ രണ്ട് വീടും ഭാഗികമായി തകർന്നു. കൊല്ലം താലൂക്കിൽ നാല് വീടുകളാണ് പൂർണമായും തകർന്നത്. ഇന്നലെ മാത്രം ജില്ലയിൽ 6.15ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. കൊല്ലം താലൂക്കിൽ മാത്രം 4,50,000 രൂപയുടെ നാശനഷ്ടമാണുണ്ടായത്. കുന്നത്തൂരിൽ 75,000, കൊട്ടാരക്കര താലുക്കിൽ 30,000 രൂപയുടെയും നാശനഷ്ടമുണ്ടായി.

ഇന്നലെ രാവിലെ മഴക്കാറുണ്ടായിരുന്നെങ്കിലും വൈകിട്ട് ഏഴോടെയാണ് ശക്തമായ കാറ്റിനൊപ്പം ജില്ലയിൽ കാര്യമായ മഴ പെയ്തത്. ഒരു മണിക്കൂർ മഴ നിറുത്താതെ പെയ്‌തെങ്കിലും കാര്യമായ നാശനഷ്ടം ഉണ്ടാക്കിയില്ല. രാവിലെ മുതൽ കടൽ പ്രക്ഷുബ്ധമായിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പലതും വെളളത്തിലായി.

കർബല-റെയിൽവേ സ്‌റ്റേഷൻ റോഡ്, ഡി.സി.സി.ഓഫീസ്, ഹൈസ്‌ക്കൂൾ ജംഗ്ഷൻ, ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്തെ ഓലയിൽ സെക്ഷൻ ഓഫീസിന് മുൻവശം. കളക്‌ടറേറ്റിന് സമീപം, ആൽത്തറമൂട്, കൊറ്റംകുളങ്ങര, കാവൽ ജംഗ്ഷൻ, ആശ്രാമം മൈതാനത്തിന് സമീപം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചൂരാങ്കൽ പാലം, പെരുങ്കുളം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ 22 കുടുംബങ്ങളിൽ നിന്നുള്ള 82 പേരെ വിമലഹൃദയ സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് നാല് മണിവരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ ആര്യങ്കാവിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് - 50 മില്ലിമീറ്റർ, കൊല്ലത്ത് 42 മില്ലി മീറ്ററും പുനലൂരിൽ 40.8 മില്ലി മീറ്റർ മഴയും ലഭിച്ചു.

കനത്ത മഴയെ തുടർന്ന് മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് കടലേറ്റം ശക്തിമായി. ബീച്ചിലും ശക്തമായ തിരകളുണ്ടായതിനെ തുടർന്ന് സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. ജില്ലയിൽ ഇന്നും നാളെയും നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.