കടയ്ക്കൽ: ഓട്ടോറിക്ഷ ഡ്രൈവറായ ചിതറ പേഴുമൂട് റോഡുവിള വീട്ടിൽ ധർമരാജൻ (സിന്ധുക്കുട്ടൻ-54), ഭാര്യ ദിവ്യ (മായ-43) എന്നിവരെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടു റിട്ട. പൊലീസ് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ സാമ്പത്തിക ഇടപാടിലെ ബാദ്ധ്യത സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു.
ഇന്നലെ രാവിലെ 8.30നാണ് ബന്ധുക്കൾ ഇരുവരെയും റബർ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
രാവിലെ ബന്ധുക്കളിൽ ചിലർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ദിവ്യയുടെ സഹോദരൻ ഷാജിയും ധർമരാജന്റെ സഹോദരന്മാരായ ബാബുവും മോഹനും പേഴുമൂട് പഞ്ചായത്തംഗം സണ്ണിയും വീട്ടിലെത്തി. അടുക്കള ഭാഗത്തെ കതക് ചാരിയ നിലയിലും ബാക്കി മുറികൾ പൂട്ടിയ നിലയിലുമായിരുന്നു. ഒരുപാട് വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. സംശയം തോന്നിയതോടെ ഇവർ തൊട്ടടുത്ത റബർ തോട്ടത്തിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. സമീപത്തു നിന്ന് രണ്ട് പ്ലാസ്റ്റിക് കസേരകളും തൂങ്ങാൻ ഉപയോഗിച്ച കയറിന്റെ ബാക്കി ഭാഗവും ലഭിച്ചു.
അയൽവാസിയെ സഹായിക്കാൻ ദിവ്യ പലിശയ്ക്ക് പണം വാങ്ങി നൽകിയിരുന്നു. എന്നാൽ അയൽവാസി പലിശയോ മുതലോ തിരികെ നൽകിയില്ല. 13 വർഷത്തിനിടെ 25 ലക്ഷത്തോളം രൂപയുടെ കടക്കാരിയായി ദിവ്യ. ഇവർക്ക് പണം നൽകിയവർ വീട്ടിലെത്തി നിരന്തരം പ്രശ്നം ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ട് റിട്ട.പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ ശല്യപ്പെടുത്തിയിരുന്നതെന്നും നാട്ടുകാർ പറയുന്നു. ഇതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടുത്തിടെ കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ദമ്പതികളെ ഡിവൈ.എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു. തിരിച്ചെത്തിയ ഇരുവരും ദു:ഖിതരായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മകളെ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ച് ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു. മകൻ സോനു അടുത്തിടെയാണ് വിദേശത്തേക്ക് പോയത്. മകൾ സോന പ്ലസ്ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനൊരുങ്ങുന്നു. മൃതദ്ദേഹം പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകൻ ഇന്ന് നാട്ടിലെത്തും. സംസ്കാരം പിന്നീട്.