2014 ൽ തുടങ്ങി
8 ജീവനക്കാർ
തേവലക്കര: അസൗകര്യങ്ങളുടെ നടുവിൽ, ഒറ്റമുറിയിൽ, തേവലക്കര മത്സ്യഭവൻ ഓഫീസ് വീർപ്പുമുട്ടുന്നു. തേവലക്കര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള , കോയിവിള നേതാജി ഗ്രന്ഥശാലയിലെ ഒരു മുറിക്കുള്ളിലാണ് മത്സ്യഭവൻ ഓഫീസ് പ്രവർത്തിക്കുന്നത്. തേവലക്കര, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, തെക്കുംഭാഗം, ശാസ്താംകോട്ട ,കുന്നത്തൂർ ,ചവറ തെക്കുംഭാഗം ,ചവറ സൗത്ത് പഞ്ചായത്തുകളുടെ ചുമതലയുള്ള ഓഫീസാണ് തേവലക്കര.
നിന്ന് തിരിയാൻഇടമില്ല
മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഫിഷറീസ് വകുപ്പിലെ താഴെ തട്ടിലുള്ള ഓഫീസാണ് മത്സ്യഭവൻ. തേവലക്കര പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മത്സ്യഭവൻ ഓഫീസ് 2014 ലാണ് കോയിവിളയിലെ ഗ്രന്ഥശാലയിലേക്ക് പ്രവർത്തനം മാറ്റിയത്. കരാർ ജീവനക്കാരും സ്ഥിരം ജീവനക്കാരും ഉൾപ്പടെ 8 ജീവനക്കാരുള്ള ഓഫീസിൽ നിന്ന് തിരിയാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്.
പ്രഖ്യാപനങ്ങൾ പാലിച്ചില്ല
സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടുന്ന ഓഫീസിന് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാമെന്ന് മാറി മാറി വരുന്ന പഞ്ചായത്തു ഭരണ സമിതികൾ പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. ഗ്രന്ഥശാലയുടെ മറ്റു മുറികളിൽ പഞ്ചായത്തിലെ തുടർ വിദ്യാകേന്ദ്രവും ,പഞ്ചായത്ത് ലൈബ്രറിയും പ്രവർത്തിക്കുകയാണ്.