rad

അഞ്ചാലുംമൂട്: കോർപ്പറേഷൻ മതിലിൽ ഡിവിഷനിലെ കൊല്ലം-തേനി ദേശീയ പാത കടന്ന് പോകുന്ന റോഡിലെ വെള്ളക്കെട്ട് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴയിലാണ് യുവദീപ്തി ക്ലബിന് സമീപം റോഡും പ്രദേശത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടെ വെള്ളത്തിലായത്. വീടുകളിൽ വെള്ളം കയറിതോടെ അടിയന്തര ആവശ്യങ്ങൾക്ക് പോലും പുറത്ത് പോകാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.

മുൻപ് ഇവിടെ നിന്നുള്ള വെള്ളം ഒഴുകിപൊയ്ക്കൊണ്ടിരുന്ന ഓട കടന്നുപോയിരുന്നത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽക്കൂടിയായിരുന്നു. ഈ ഓടയ്ക്ക് മുകളിലൂടെ പിന്നീട് വീടുകൾ നിർമ്മിച്ചതോടെ വെള്ളം ഒഴുകിപ്പോകാനുള്ള മാർഗവും നിലച്ചു. ഇതോടെ പ്രദേശം വെള്ളക്കെട്ടായി. കാൽനടയാത്ര തീർത്തും ദുഷ്‌ക്കരമാണിവിടെ. കഴിഞ്ഞ വർഷവും സമാന രീതിയിൽ റോഡിൽ വെള്ളം ഉയർന്നിരുന്നു.

പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം

കൊല്ലം- തേനി ദേശീയപാതയിൽ ദിനം പ്രതി നൂറ്കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. വാഹനങ്ങൾ പോകുമ്പോൾ നിരന്തരം ചെളിവെള്ളം വ്യാപാരസ്ഥാപനങ്ങളിലേക്ക് അടിച്ചുകയറുന്നത് മൂലം വ്യാപാരികളും ദുരിതത്തിലാണ്. മതിലിൽ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപത്തും രൂക്ഷമായ വെള്ളക്കെട്ടാണുള്ളത്. പുറത്ത് നിന്ന് വരുന്നവർക്ക് റോഡ് തിരിച്ചറിയാനായി നാട്ടുകാർ ടയർ ഉൾപ്പെടെയുള്ളവ അടയാളം വച്ചിരിക്കുകയാണ്. മൺസൂൺകാലം ആരംഭിക്കുന്നതിനും സ്‌കൂൾ തുറക്കുന്നതിനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റോഡിലെ വെള്ളക്കെട്ട് അപകടങ്ങൾക്കിടയാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മാലിന്യങ്ങൾ ഉൾപ്പെടെ വെള്ളത്തിൽ ഒഴുകി നടക്കുന്നതും മലിനജലത്തിലൂടെ പകർച്ച വ്യാധികൾ പടരുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. എത്രയും വേഗം വെള്ളക്കെട്ടിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

പഴയ ഓടകൾക്ക് മുകളിലൂടെ വീടുകളും മറ്റും വന്നതും നിലവിലെ ഓടയിലെ ഒഴുക്ക് കായലിലേക്ക് ചെല്ലുന്നതരത്തിൽ സംവിധാനമില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. അടുത്തിടെ കൊല്ലം തേനി പാത ടാർ ചെയ്തതോടെ റോഡ് ഉയരുകയും സമീപത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും താഴ്ചയിലാകുകയും ചെയ്തതാണ് കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറാൻ കാരണം. കൊല്ലം -തേനി റോഡ് വീതികൂട്ടുമ്പോൾ പുതിയ ഓട നിർമ്മിക്കുക മാത്രമാണ് വെള്ളക്കെട്ടിനുള്ള ശ്വാശ്വത പരിഹാരം.

ടെൽസ തോമസ്

മതിലിൽ
ഡിവിഷൻ കൗൺസിലർ