t

കൊല്ലം: തൊഴിലാളികൾക്കിടയിൽ വർഗ്ഗബോധം വളർത്താനും ഐക്യം ഊട്ടിയുറപ്പിക്കാനും 1949 ൽ നടന്ന കൊല്ലം ചവറ ഇടവം 12 സമരം നിസ്തുല പങ്ക് വഹിച്ചിട്ടുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സമരത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിനും അതുവഴി ഇടതുപക്ഷ മുന്നേറ്റത്തിനും കൊല്ലം ജില്ലയിൽ പ്രധാന പങ്കുവഹിച്ച സമരങ്ങളിൽ ഒന്നായിരുന്നു എൻ. ശ്രീകണ്ഠൻനായരുടെയും ബേബിജോണിന്റെയും നേതൃത്വത്തിൽ നടന്ന ഇടവം 12 സമരം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീന മേഖലയായി കൊല്ലം ജില്ലയെ മാറ്റിയതിൽ ആർ.എസ്.പി വഹിച്ച ചരിത്രപരമായ പങ്ക് നിഷേധിക്കാവില്ല. സമരങ്ങളിലൂടെ വളർന്നുവന്ന ആർ.എസ്.പി യെ ദുർബലപ്പെടുത്തി ഇല്ലാതാക്കാൻ സി.പി.എം നടത്തുന്ന നിരന്തര നീക്കങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാൻ പാർട്ടിക്ക് കഴിയുന്നത് സമരങ്ങളിൽ നിന്ന് ആർജ്ജിച്ച കരുത്തുമൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇടവനശേരി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എ.എം. സാലി, അഡ്വ. ജസ്റ്റിൻ ജോൺ, കോക്കാട്ട് റഹിം, വാഴയിൽ അസീസ്, സി. ഉണ്ണിക്കൃഷ്ണൻ, ആർ. നാരായണപിള്ള, സക്കീർ ഹുസൈൻ, സി.പി. സുധീഷ്‌കുമാർ, തുണ്ടിൽ നിസാർ, ശിവൻകുട്ടി, സുഭാഷ് കുമാർ, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ദീപശിഖാ റാലി നടന്നു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ കോവിൽതോട്ടത്ത് റാലി ഉദ്ഘാടനം ചെയ്തു. എ.എ. അസീസ്, കെ.എസ്. വേണുഗോപാൽ, അഡ്വ. വിഷ്ണു മോഹൻ, മനോജ് പന്തവിള, സിയാദ് കോയിവിള, സുഭാഷ് എസ്.കല്ലട, ആർ. വൈശാഖ്, സൂരജ് സുരേന്ദ്രൻ, ഷെഹിൻ, എസ്.എ. ഷാനവാസ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.