കൊല്ലം : മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചയാൾ പിടിയിൽ.
കുമ്മിൾ തച്ചോണം ഷീനാ മൻസിലിൽ പ്രവീൺ കുമാർ (48, കുഞ്ഞൻ മണിക്കുട്ടൻ ) ആണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 22ന് ആണ് സംഭവം. യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് പിടിയിലായ പ്രവീൺ.
തച്ചോണം പള്ളിയ്ക്ക് സമീപം ഫോൺ വിളിച്ചു നിന്ന ഭർത്താവിനെ യുവതി കാണുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു. യുവതി ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഭർത്താവിന്റെ ഫോണാണെന്ന് തെറ്റിദ്ധരിച്ച് യുവതി പിടിച്ചു വാങ്ങിയത് പ്രവീണിന്റെ ഫോണായിരുന്നു. ഫോൺ വാങ്ങി എടുക്കാൻ പ്രവീൺ കുമാറിനോട് പറഞ്ഞ ശേഷം യുവതിയുടെ ഭർത്താവ് അവിടെ നിന്ന് പോയി. തുടർന്ന് പ്രവീൺ കുമാറും യുവതിയുമായി വാക്ക് തർക്കം ഉണ്ടാവുകയും പ്രവീൺ കുമാർ യുവതിയുടെ മുഖത്ത് അടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം ഒളിവിൽ പോയ പ്രവീൺ കുമാറിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കൽ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.