ചടയമംഗലം: എം.സി റോഡിൽ ഇളവകോട് കാറുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കാർ യാത്രികയും തമിഴ്‌നാട് കമ്പം തേനി സ്വദേശിയുമായ വിജയഗീത (49) ആണ് മരിച്ചത്. മറ്റുള്ളവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5.30ന് എം.സി റോഡിൽ ഇളവകോട് ഭാഗത്തായിരുന്നു അപകടം. തമിഴ്‌നാട് കമ്പത്ത് നിന്ന് കുടുംബത്തോടൊപ്പം വർക്കല, ജടായു പാറ എന്നിവ സന്ദർശിച്ച് കമ്പത്തേക്ക് തിരികെ ടവേര കാറിൽ പോകവേ, തിരുവനന്തപുരം സ്വദേശിയുടെ വാഗൺ ആർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടവേര തലകീഴായി മറിഞ്ഞു. വാഗൺ ആർ കാറിലെ യാത്രക്കാരന് പരിക്കില്ല. നാട്ടുകാരും കടയ്ക്കൽ നിന്ന് ഫയർഫോഴ്‌സും ചടയമംഗലം പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ജയഗീതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറേ നേരം ഗതാഗത തടസവും ഉണ്ടായി. റോഡിൽ ഒഴുകിയ ഓയിൽ ഫയർഫോഴ്‌സ് കഴുകിക്കളഞ്ഞു. ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചടയമംഗലം പൊലീസ് കേസെടുത്തു.